തീരദേശ ഹൈവേ ഉപേക്ഷിക്കണം – യൂത്ത് ലീഗ്
യൂത്ത് ലീഗ് നേതാക്കൾ കളക്ടറെ കണ്ടു. ജനങ്ങളുടെ ആശങ്ക അകറ്റാൻ തീരദേശത്തെ ജന പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ,
ചാവക്കാട് : ദേശീയ പാത 66, 45 മീറ്റർ വീതിയിൽ ആറു വരിപ്പാതയുടെ നിർമാണം തുടങ്ങിയിരിക്കെ അതിന് സമീപത്തു കൂടി തീരദേശ ഹൈവേ കൂടി ആരംഭിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് നസീഫ് യൂസഫ്, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി കെ ഉസ്മാൻ, യൂത്ത് ലീഗ് ജില്ല പ്രവർത്തക സമിതി അംഗം റാഫി അണ്ടത്തോട് എന്നിവർ ജില്ല കളക്ടർക്ക് നിവേദനം നൽകി. ജനങ്ങളുടെ ആശങ്ക അകറ്റാൻ തീരദേശത്തെ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ പറഞ്ഞു.
ദേശീയ പാത 66 ന്റെ സമീപത്തു കൂടെ കടലോര മേഖലയിൽ ജനസാന്ദ്രതയുള്ളതും പാവപ്പെട്ടവർ തിങ്ങി താമസിക്കുന്നതുമായ പ്രദേശത്ത് ഇനിയൊരു ഹൈവേ കൂടി വരുന്നത് അതീവ ഗുരുതരമായ സാമൂഹിക സാമ്പത്തിക, പരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരള സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടേയും കാര്യക്ഷമമല്ലാത്ത ആസൂത്രണങ്ങളെയും തുടർന്ന് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ നാടിനെയും വരും തലമുറയെയും വൻ കടക്കെണിയിൽ അകപ്പെടുത്തിന്നതിനേ ഈ പദ്ധതി ഉപകരിക്കൂ. കിഫ്ബി പോലുള്ള പദ്ധതികളൾ വഴി പലിശക്ക് പണം എടുക്കുന്നതും അതിന്റെ വിനിയോഗത്തിലെ സുതാര്യതക്കുറവും ഇതിനോടകം അനവധി ആക്ഷേപങ്ങൾ നേരിടുന്നുണ്ട്.
കോടികൾ കടമെടുത്ത് അനാവശ്യവും അപ്രായോഗികവുമായ പദ്ധതിയുമായാണ് സർക്കാർ രംഗത്തു വരുന്നത്. ഒരു നടപടിക്രമങ്ങളും പാലിക്കാതെ ദുരൂഹമായാണ് സർക്കാർ തീരദേശ ഹൈവേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
നിർദ്ദിഷ്ട പദ്ധതി ബി ഒ ടി ആണോ എന്നതിൽ പൊതുജനങ്ങൾക്ക് മുമ്പിൽ വ്യക്തത വരുത്തിയിട്ടില്ല. പ്രത്യേകിച്ച് തൊട്ടടുത്തു കൂടെ ദേശീയ പാത 66-ൽ ചുങ്കം പിരിവ് നടത്തും എന്നതിനാൽ മറ്റൊരു ചുങ്കപ്പാത സമാന്തരമായി വരുന്നു എങ്കിൽ അത് ജനങ്ങളുടെ മേലുള്ള വെല്ലുവിളിയായി മാറും.
പദ്ധതിയ്ക്കായി സ്ഥലം നഷ്ടപ്പെടുന്നവർക്കോ, ജനപ്രതിനിധികൾക്കോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുകയോ കൂടിയാലോചിക്കുകയോ ചെയ്യുന്നില്ല.
സംസ്ഥാനത്തെ റോഡ് ഗതാഗത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് നിർമ്മാണത്തിലെ
നിലവാരം ഇല്ലായ്മയും അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തതുമാണ്. സർക്കാർ അനാസ്ഥയിൽ തകർന്ന് കിടക്കുന്ന റോഡുകളിൽ അനേകം മനുഷ്യ ജീവനുകൾ പൊലിയുന്നു, നിരവധി പേർ പരിക്കുകളോടെ ദുരിത ജീവിതം നയിക്കേണ്ടി വരുന്നു. ഇതിന് പരിഹാരം കാണാതെ പുതിയ പദ്ധതിയുമായി വരുന്നതിന് പിന്നിലെ തീരുമാനം ദുരൂഹമാണ്.
നിലവിലെ തീരദേശ റോഡുകൾ വികസിപ്പിച്ചും ദേശീയ പാത 66 മായി ബന്ധപ്പെടുത്തിയും ഗതാഗത സൗകര്യം ഉറപ്പാക്കലാണ് എന്തുകൊണ്ടും നല്ലത്.
കടലാക്രമണത്തിന്റെയും തീരദേശ നിയന്ത്രണ നിയമത്തിന്റെയും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ തൊഴിൽ മേഖലയിലും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
നിർദ്ദിഷ്ട പദ്ധതി വന്നാൽ ഭവന രഹിതരാകും എന്നത് മാത്രമല്ല പുതിയ നിർമ്മാണങ്ങൾക്ക് പല നിയന്ത്രണങ്ങളും വരും.
സി ആർ സെഡും ദേശീയ പാത 66 ഉം മൂലം ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന പുന്നയൂർ, കടപ്പുറം പോലുള്ള പഞ്ചായത്തുകളിലെ വലിയ വിഭാഗം ജനങ്ങൾക്ക് ഈ പദ്ധതി കൂടെ വന്നാൽ വീട് നിർമ്മാണം ഏതാണ്ട് അസാധ്യമാകും.
കടലിലെ വരുമാനം കുറഞ്ഞതും, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് വന്നവരുമായ ഒരു പാട് പേർ തിങ്ങി ജീവിയ്ക്കുന്നതാണ് തീരദേശ മേഖല. ഇനി
തീരദേശ ഹൈവേയുടെ പേരിൽ അവർക്ക് കുടിയിറക്ക് ഭീഷണി ഉയർത്തുന്നതിൽ നിന്നും സർക്കാർ പിന്മാറണം.
അഴീക്കോട് മുതൽ അണ്ടത്തോട് തങ്ങൾപടി വരെയുള്ള ജില്ലയിലെ പദ്ധതിപ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയോ, കൂടിയാലോചിക്കുകയോ ചെയ്യാതെ അവരെ തെരുവിലിറക്കുന്ന കുടില പദ്ധതി നിർത്തിവെച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം വേദിയാകുമെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
Comments are closed.