റേഷൻ വിഹിതം മറ്റൊരാൾ തട്ടിയെടുക്കുന്നതായി പരാതി – ഒരേ നമ്പറിൽ രണ്ടു കാർഡുകൾ അനുവദിച്ച് സപ്ലൈ ഓഫീസും തട്ടിപ്പിന് കൂട്ട്
ചാവക്കാട് : തന്റെയും മക്കളുടെയും ഭർത്താവിന്റെയും ഉൾപ്പെടെ അഞ്ചുപേരുടെ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള റേഷൻ വിഹിതം മറ്റൊരാൾ തട്ടിയെടുക്കുന്നതായി പരാതി. തിരുവത്ര സ്വദേശി തെരുവത്ത് കലാമിന്റെ ഭാര്യ ഷാഹിതയാണ് പരാതിക്കാരി.
റേഷൻ വാങ്ങാൻ ചെല്ലുമ്പോഴാണ് തങ്ങളുടെ റേഷൻ വിഹിതം മറ്റാരോ വാങ്ങിയതായി അറിയുന്നതെന്ന് ഇവർ പറഞ്ഞു. തുടർ അന്വേഷണത്തിലാണ് അഞ്ചങ്ങാടി സ്വദേശിയാണെന്ന് മനസ്സിലായത്. തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയായ ഇവർ തന്റെയും ഭർത്താവിന്റെയും മക്കളുടെയും ഉൾപ്പെടെ ആറുപേരുടെ റേഷൻ നേരത്തെ തന്നെ വാങ്ങുന്നതായാണ് രേഖകളിൽ കാണുന്നത്.
എന്നാൽ കലാമിന്റെ രണ്ടാം ഭാര്യയുടെ പേരിൽ അഞ്ചംഗങ്ങളുള്ള റേഷൻ കാർഡിന്റെ അതേ നമ്പറിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയ അഞ്ചങ്ങാടി സ്വദേശിയായ ആദ്യഭാര്യക്ക് ആറംഗങ്ങളുള്ള കാർഡ് ചാവക്കാട് സപ്ലൈ ഓഫീസ് അനുവദിച്ചതാണ് തട്ടിപ്പിന് ആധാരം.
ചാവക്കാട് സപ്ലൈ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി മൂന്നു മാസമായിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്ന് ജില്ലാ കളക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നല്കിയിട്ടുള്ളതായി അഡ്വ. ഹസീന അറിയിച്ചു.
Comments are closed.