ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന വ്യാജേന 14കാരനെ പീഡിപ്പിച്ചു; എടക്കഴിയൂർ സ്വദേശിക്ക് 5 വർഷം തടവ്

ചാവക്കാട് : 14 വയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ 53 വയസ്സുകാരനെ 5 വർഷം കഠിനതടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആൺകുട്ടിയെ 2024 മെയ് മാസം 27 ന് കാർ ഡ്രൈവിംഗ് പഠിപ്പിച്ചു തരുന്ന വ്യാജേന മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. എടക്കഴിയൂർ ദേശത്ത് പുളിക്കൽ ഹൗസിൽ ഇമ്പായി മകൻ ഷംസു 53 വയസ്സ് എന്നയാളെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി 5വർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 5 മാസം കൂടി അധിക തടവ് അനുഭവിക്കണം.

ചാവക്കാട് പോലീസ് സ്റ്റേഷനിലെ ജി എസ് സി പി ഒ ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പ്രീത ബാബു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. സി പി ഒ മാരായ എം. ആർ. സിന്ധു , എ പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Comments are closed.