Header

കോവിഡ് – മഹിളാ കോൺഗ്രസ്സ് നേതാവിനു ഒരു വെന്റിലേറ്റർ ബെഡിന് വേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടു – യാഥാർഥ്യം ഭയപ്പെടുത്തുന്നുവെന്ന് പ്രമുഖർ

ജാഗ്രത പോര അതിജാഗ്രത

ചാവക്കാട് : കോവിഡ് രോഗിക്ക് സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൃശൂർ സഹകരണ ആശുപത്രി അധികൃതർ വെൻറിലേറ്റർ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ ഉപദേശിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറാണെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് രോഗിയെ പരിശോധിക്കുന്ന ഡോക്ടർ ജൂബിലി മിഷൻ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെ പുതിയ ഒരു രോഗിയെ പോലും സ്വീകരിക്കാൻ കഴിയാത്ത വിധം കോവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണെന്നാണ് അറിയിച്ചത്.

ഡി.സി.സി മെമ്പറും മഹിള കോൺഗ്രസ്സ് നേതാവും മുൻ അർബൻബാങ്ക് ഡയറക്ടറുമായിരുന്ന ചാവക്കാട് സ്വദേശി ലൈല മജീദിനാണ് ഈ ദുരവസ്ഥ നേരിട്ടത്. ലൈല മജീദും മകളും കോവിഡ് ലക്ഷണങ്ങളെ തുടർന്ന് തുടർന്ന് മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സ തേടുകയും പരിശോധനയിൽ കോവിഡ് പോസറ്റിവ് ആയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സഹകരണ ആശുപത്രിയലേക്ക് മാറുകയുമായിരുന്നു.

ലൈലാ മജീദിന്റെ രാഷ്ട്രീയ ബന്ധങ്ങളും മകന്റെ സിനിമാ ബന്ധങ്ങളും ഉപയോഗിച്ച് വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലെ ഒരു ബെഡിന് വേണ്ടിയുള്ള ശ്രമം പാതിരാത്രിയും തുടർന്നു. എവിടെയും ലഭിച്ചില്ല. തൃശൂർ എറണാകുളം ജില്ലകളിളെ എല്ലാ ആശുപത്രികളും ഒരു ബെഡ് പോലും ഒഴിവില്ലാത്ത വിധം നിറഞ്ഞിരിക്കുന്നു.

ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് സുഹൃത്തുക്കളായ ഡോക്ടർമാർക്കും ആശുപത്രികളിലേക്കും വിളിച്ചപ്പോഴാണ് യഥാർഥ്യം പലർക്കും ബോധ്യപ്പെട്ടത്. ഒരു വെന്റിലേറ്റർ ബെഡ് നൽകാൻ ആർക്കും കഴിഞ്ഞില്ലെന്നും നാടിന്റെ അവസ്ഥയിൽ ഭയം തോന്നുതായും സംവിധായകൻ അരുൺഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചാവക്കാട് കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ഗ്ലോബൽ കോർഡിനേറ്റർ പലയൂർ സ്വദേശി ജിനേഷിനും പറയാനുള്ളത് മറ്റൊന്നല്ല. പുലർച്ചെ രണ്ടു മണിയോളം വരെ ഒരു വെന്റിലേറ്റർ ബെഡിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ഷോക്കിലാണ് അദ്ദേഹം. ഡയാലിസിസ് ന് വേണ്ടി കൺസോൾ സഹായം ചെയ്യുന്ന പതിനഞ്ചോളാം ആശുപത്രികളുമായും അനുബന്ധ ജീവനക്കാരുമായും ബന്ധപ്പെട്ടെങ്കിലും ഒരു ബെഡ് ലഭ്യമാക്കാൻ ആർക്കും കഴിഞ്ഞില്ല.

നമ്മൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ചെറിയ പിഴവ് പോലും താങ്ങാനുള്ള സിസ്റ്റം നമുക്കില്ലെന്നുള്ള യാഥാർഥ്യ ബോധം എപ്പോഴും ഉണ്ടാകണമെന്നുമാണ് ജിനീഷിന് പറയാനുള്ളത്.

ആരുടെയൊക്കയോ ശ്രമഫലമായി ഇന്ന് രാവിലെ ലൈലാ മജീദിനെ പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

thahani steels

Comments are closed.