Header

നാട്ടുകാരുടെ ഉറക്കം കെടുത്തി റോഡിൽ രേഖപ്പെടിത്തിയ CP 10 ഉം പ്രത്യേക ചിത്രവും

ചാവക്കാട് :  കഴിഞ്ഞ ദിവസം ബംഗാളിയെ പോലെ തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് പെരുവഴിത്തോട് കള്ളു ഷാപ്പിന് സമീപം റോഡിൽ CP 10 എന്ന് എഴുതി പ്രത്യേക ചിത്രം വരച്ചു പോയതുമുതലാണ് നാട്ടുകാർ ആശങ്കയിലായത്. പഴയ പൂക്കോട്ട് പഞ്ചായത്തിന്റെ ഭാഗവും നിലവിൽ ഗുരുവായൂർ നഗരസഭയുടെ 35, 37 വാർഡുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡിലാണ് പ്രത്യേക ചിത്രം വരച്ച് CP 10 എന്ന് രേഖപ്പെടുതിയിട്ടുള്ളത്.   യുവാവുമായി വന്ന ഓട്ടോ ഡ്രൈവർ പറഞ്ഞനുസരിച്ച്  റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തികളാണ് നടക്കുന്നതെന്ന് നാട്ടുകാർ മനസ്സിലാക്കിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വാഹനത്തിൽ എത്തിയ മൂന്നു പേർ  സാറ്റലൈറ്റ് മാപ്പിന്റെ സഹായത്തോടെ കള്ളു ഷാപ്പ് മുതൽ പൂക്കോട് ചിൽഡ്രൻസ് പാർക്കിലൂടെ തമ്പുരാൻ പടിവരെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോ എടുത്ത് തിരിച്ചു പോയി. റോഡിൽ നാട്ടുകാർ അധികം ഇല്ലാത്ത സമയം നോക്കിയാണ് ഇവർ എത്തുന്നത്. നാട്ടുകാരിൽ ചിലർ കാര്യം തിരക്കിയപ്പോൾ റെയിൽവേയിൽ നിന്നാണെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.

വരാനിരിക്കുന്ന ഗുരുവായൂർ – തിരൂർ റെയിൽവേയുടെ സാറ്റലൈറ്റ് സർവ്വേ നടപടികളുടെ ഭാഗമായുള്ള പ്രവർത്തികളാണ് നടക്കുന്നത്.  ഇതറിഞ്ഞ നാട്ടുകാർ തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെടുമോ എന്ന ഭയവും ആശങ്കയും നിമിത്തം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. ജന പ്രതിനിധികൾക്കോ റവന്യു വിഭാഗം അധികാരികൾക്കോ ഇത് സംബന്ധമായ യാതൊരു അറിവുമില്ല. നാട്ടുകാർ ഭയാശങ്കയിലാണെന്നും നിരവധിപേർ വിവരങ്ങൾ അറിയാൻ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും വാർഡ്‌ കൗൺസിലർ ശൈലജ സുധൻ പറഞ്ഞു

സതേണ്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചിഫ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫിസര്‍ ഷാജി സക്കരിയയുടെ നേതൃത്വത്തില്‍ തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്കായുള്ള സർവേ നടപടികള്‍ തുടങ്ങിയതായി വാർത്തകൾ ഉണ്ടായിരുന്നു. തിരുനാ വായ – ഗുരുവായൂര്‍ ലൈന്‍ സർവേനടപടികള്‍ക്കായി തുകഅനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിഎംആര്‍സി മുന്‍ മുഖ്യ ഉപ്‌ദേഷ്ടാവ്‌ ഇ. ശ്രീധരന്‍ കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിക്ക്‌കത്തയച്ചിരുന്നു. ഈ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന്‌ റെയില്‍വേ മന്ത്രിക്ക്‌ അയയ്ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പദ്ധതിയുടെ സര്‍വേക്കായി തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത കേന്ദ്ര ബജറ്റിനു മുന്‍പായി പദ്ധതി റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കേണ്ടതിനുള്ള നടപടികളുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന സർവേ എന്ന് കരുതുന്നു. 

1994ല്‍ തൃശൂരില്‍നിന്ന്‌ ഗുരുവായൂരിലേക്കുള്ള റെയില്‍വേ ലൈന്‍ കമ്മിഷൻ ചെയ്തതിനു പിന്നാലെ ഗുരുവായൂരില്‍നിന്ന്‌ താനൂരിലേക്ക്‌ റെയില്‍വേ ലൈന്‍ എത്തിക്കുന്നുതിന്‌ സര്‍വേ തുടങ്ങിയിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള തുടര്‍ച്ചയായ എതിര്‍പ്പിനെ തുടര്‍ന്ന്‌ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിന്നീട് തിരുനാവായ – ഗുരുവായൂര്‍ ലൈനിനായുള്ള ശ്രമങ്ങളും നടന്നു. അതും സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിയില്‍നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്‌. ഒടുവിലാണ്‌ ഇ. ശ്രീധരന്‍ മുന്‍കയ്യെടുത്ത്‌ തീരദേശത്തേക്ക്‌ റെയില്‍പാത കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

തിരുനാവായ-ഗുരുവായൂര്‍ റെയില്‍പാതയ്ക്കു പകരം തിരൂര്‍ – ഗുരുവായൂര്‍ റൂട്ട്‌ പരിഗണിക്കണമെന്നാണ്‌  ഇ. ശ്രീധരന്റെ പുതിയ നിര്‍ദേശം. ഷാജി സക്കരിയ ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കുറ്റിപ്പുറം ഗുരുവായൂർ റെയിൽവേയുടെ ഭാഗമായി വർഷങ്ങൾക്ക്‌ മുൻപേ ഗുരുവായൂരിൽ നിന്നും ആര്യഭട്ട കോളേജ് വഴി കുന്ദംകുളത്തേക്ക് തൃശൂർ ജില്ലയിലെ സർവ്വേ നടപടികൾ പൂർത്തീകരിച്ചിരുന്നു.

തീരദേശ റെയിൽവേയുടെ പുതിയ റൂട്ട് പ്രകാരം ആര്യഭട്ട കോളജ്  ഭാഗത്ത് നിന്നും പുന്നത്തൂർ റോഡ് പരിസരത്ത് കൂടെ പെരുവഴിത്തോട് കള്ളു ഷാപ്പ് ജംക്ഷനിൽ  നിന്നും മുപ്പത്തിയഞ്ചാം വാർഡിലൂടെ ചിൽഡ്രൻസ് പാർക്ക് വഴി കോട്ടപ്പടിപള്ളിയുടെ കുരിശ് പള്ളിയുടെയോ ആല്ക്കൽ നടക്കൽ അമ്പലത്തിനു സമീപത്ത് കൂടെയോ തമ്പുരാൻപടിയെത്തി  കുട്ടാടൻ പാടത്തുകൂടെ കനോലികനാൽ തീരം വഴി പൊന്നാനിയിലേക്ക് എത്തുന്ന രീതിയിലാണ് സർവ്വേ നടപടികൾ പുരോഗമിക്കുന്നതെന്നാണ് നിഗമനം.

thahani steels

Comments are closed.