ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രസവ മുറി അടച്ചിട്ടു – പ്രസവം ഇനി സ്വകാര്യ ആശുപത്രിയില്‍ ?
ചാവക്കാട്: ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രസവ മുറി അടച്ചിട്ടു.
താലൂക്കാസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഡിറ്റോ ടോം കഴിഞ്ഞമാസം 20ന് കുന്നംകുളത്തേക്ക് സ്ഥലം മാറിപ്പോയതോടെയാണ് പ്രസവ മുറിപൂട്ടിയിട്ടത്. പകരം പൊന്നാനി സ്വദേശിയായ ഗൈനക്കോളജിസ്റ്റ് ചുമതലയേറ്റ് പരിശോധന ആരംഭിച്ചെങ്കിലും പ്രസവ മുറി അടച്ചിട്ടിരിക്കുകയാണ്. ഈ ഡോക്ടര്‍ രാവിലെ ഒമ്പത് മുതല്‍ ഒരുമണിവരെ ഒ.പിയില്‍ പരിശോധിക്കാറുണ്ടെങ്കിലും പ്രസവമെടുക്കുന്നില്ല. ഒരാള്‍ മാത്രമാണ് ഗൈനക്കോളജിസ്റ്റായി ജോലിയിലുള്ളതെങ്കില്‍ പ്രസവം കൈകാര്യം ചെയ്യേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാലാണത്രെ ഈ ഡോക്ടര്‍ പ്രസവമെടുക്കാത്തത്. രണ്ടുപേരുള്ള ആസ്പത്രിയില്‍ മാത്രമെ പ്രസവമെടുക്കേണ്ടതുള്ളുവെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇപ്പോള്‍ സ്ഥലം മാറിപ്പോയ ഡോ. ഡിറ്റോ കഴിഞ്ഞ രണ്ടു വര്‍ഷത്തോളം താലൂക്കാസ്പത്രിയില്‍ തനിച്ചായിരുന്നു. ഒപ്പമുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.ശാന്തി സ്ഥലം മാറിപ്പോയിട്ടും ഒരു മാസം ശരാശരി നാല്‍പ്പതോളം പ്രസവമാണ് താലൂക്കാസ്പത്രിയില്‍ നടന്നിരുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആസ്പത്രിയാണ് ചാവക്കാട് താലൂക്കാസ്പത്രി. വടക്കാഞ്ചേരിയില്‍ അഞ്ചും കുന്നംകുളത്ത് മൂന്നും ഡോക്ടര്‍മാരുള്ളപ്പോഴാണ് ചാവക്കാട് ഒരു ഡോക്ടറെ നിര്‍ത്തി ഗര്‍ഭിണികളെ ദുരിതത്തിലാക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിലവിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ക്ക് മറ്റു ഡോക്ടര്‍മാരെ പോലെ അത്യാഹിത വിഭാഗത്തില്‍ നിശ്ചിത ദിവസം ജോലി ചെയ്യണമെന്നുണ്ട്. ഈ ദിവസങ്ങളില്‍ മാത്രമെ അവര്‍ നേരം വൈകിയും ആസ്പത്രിയിലുണ്ടാകാറുള്ളു. അതിനിടയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കു മാത്രമെ ഇപ്പോള്‍ ആസ്പത്രിയില്‍ സേവനം ലഭിക്കുന്നുള്ളു. അല്ലാത്ത നേരത്ത് പ്രയാസങ്ങളുമായി വരുന്നവര്‍ കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയിലോ ജില്ലാ അശുപത്രിയിലോ പോയി ഡോക്ടര്‍മാരെ കാണേണ്ട സാഹചര്യമാണുള്ളത്. അതുമല്ലെങ്കില്‍ പ്രസവത്തിനു മേഖലയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സ്വകാര്യ ആശുപത്രിയിലെ പ്രസവച്ചിലവുകള്‍ താങ്ങാനാവത്തതാണ്.
എന്നാല്‍ പ്രസവ മുറി തല്‍ക്കാലത്തേക്കാണ് അടച്ചിട്ടുള്ളതെന്നും പുതുതായി വന്ന ഡേക്ടര്‍ക്ക് രോഗികള്‍ കുറവാണെന്നും ഇവരില്‍ പ്രസവുമായി ബന്ധപ്പെട്ട് ആരും ആശുപത്രിയില്‍ എത്തുന്നില്ലഎന്നും ആസ്പത്രി സൂപ്രണ്ട് ഡോ.എ.എ മിനിമോള്‍ വ്യക്തമാക്കി. ഒരു ഡോക്ടര്‍ കൂടി അടുത്ത 20ന് വരുമെന്നും അവര്‍ അറിയിച്ചു.
Comments are closed.