ജോൺ എബ്രഹാം അനുസ്മരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
പാവറട്ടി: സിനിമയുടെ കലാലോകത്ത് കഴിവുകൾ മനസ്സിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ട ചലച്ചിത്ര പ്രതിഭ ആയിരുന്നു ജോൺ എബ്രഹാം എന്ന് ചലചിത്ര പ്രവർത്തകനും എഴുത്തുക്കാരനുമായ പ്രൊഫ .ജോൺ തോമാസ് അഭിപ്രായപ്പെട്ടു. സ്വന്തം നിഴലിനെ പോലും കൊണ്ടു നടക്കാൻ ആഗ്രഹിക്കാത്ത വ്യക്തിത്വം കൂടി ആയിരുന്നു ജോൺ എബ്രഹാമിന്റേതെന്നും ജോൺ തോമാസ് കൂട്ടിച്ചേർത്തു. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജോൺ എബ്രഹാമിനെ അനുസ്മരിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. ജോൺ എബ്രഹാമിന്റെ ഒഡേസയിലെ പ്രവർത്തകൻ കൂടിയായിരുന്നു പ്രൊഫ. ജോൺ തോമാസ്. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി വിനോദ് ദശാബ്ദി ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു. ഫെസ്റ്റിവൽ ഡയറക്റ്റർ റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ നളിൻ ബാബു മുഖ്യാതിഥിയായി.
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോക മാർഷ്യൽ ആർട്ട് ഡേ യോടനുബന്ധിച്ച്. “മാർഷ്യൽ ആർട്ട് ഫിലിം ഫെസ്റ്റിവൽ “, സിനിമയെ ക്യാൻവാസിൽ പകർത്തുന്ന “ചിത്രം ചലച്ചിത്രം “, ചാർലി ചാപ്ലിന്റെ ചരമദിനത്തോടനുബന്ധിച്ച് ഡിസംബറിൽ “ചാപ്ലിൻ ഫെസ്റ്റിവൽ “, വിദ്യാലയങ്ങളുമായി സഹകരിച്ച് “സ്കൂൾ ടാക്കീസ് “, കുട്ടികൾക്കായി ഷോർട്ട് ഫിലിം & ഡോക്യുമെൻ്ററി നിർമ്മാണ ശിൽപ്പശാല, പഴയകാല സംഗീത ഉപകരണങ്ങളുടെ ചരിത്രവും പ്രദർശനവും ഉൾപ്പെടുത്തി “പാട്ടുപ്പെട്ടി “, വിവിധ സെന്ററുകളിലായി നടത്തുന്ന “ടൂറിങ് ഫിലിം ഫെസ്റ്റിവൽ “, “ചലച്ചിത്രോത്സവ വിളംബരം ” തുടർന്ന് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന “ഗ്രാമീണ ചലച്ചിത്രോത്സവം, ജോൺ എബ്രഹാം പുരസ്കാര വിതരണം” എന്നിങ്ങനെ 10 വ്യത്യസ്തങ്ങളായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2015 ലാണ് ആദ്യമായി ദേവസൂര്യ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. അന്നു മുതൽ അഞ്ച് ദിവസങ്ങളിലായി ഒരു മുടക്കവും വരാതെ മേള നടന്നുവരുന്നു. പാടഞ്ഞെ കുളിരിൽ ചുക്കുകാപ്പിയും കുടിച്ച് നിലാവിൽ സിനിമ കാണാനും ആസ്വദിക്കാനും നിരവധി ആളുകളാണ് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേയ്ക്ക് ഒഴുകിയെത്താറുള്ളത്. ജനുവരി അവസാന ആഴ്ച്ചയിൽ മേള ആരംഭിക്കും.
കലാ സംവിധായകൻ ജയ്സൺ ഗുരുവായൂർ, സിദ്ദീഖ് കൈതമുക്ക്, എം സ്കറിയ മാത്യു, റെജി വിളക്കാട്ടുപാടം, കെ സി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
Comments are closed.