Header

ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്

ഗുരുവായൂര്‍:  ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തിൽ ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.  ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തിനകത്ത് നടന്ന പഞ്ചാരിമേളത്തോടേയുള്ള കാഴ്ചശീവേലിയ്ക്ക് കൊമ്പന്‍ സ്വര്‍ണ്ണകോലമേറ്റി. രാത്രി നടന്ന വിളക്കെഴുന്നെള്ളിപ്പിനും ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളിയത്. ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം.

 രാവിലെ കാഴ്ചശീവേലിക്കു ശേഷം ശ്രീ ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പഞ്ചവാദ്യം അകമ്പടിയായി. തിമിലയിൽ പല്ലശ്ശന മുരളീ മാരാർ, മദ്ദളം – കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക – കടവല്ലൂർ മോഹനൻ മാരാർ, കൊമ്പ്-മച്ചാട് ഉണ്ണി നായർ, താളം-ഗുരുവായൂർ ഷൺമുഖൻ എന്നിവർ പഞ്ചവാദ്യത്തിന് കൊഴുപ്പേകി.

ക്ഷേത്രത്തില്‍ വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍, ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയിലാണ് തെളിഞ്ഞുനിന്നത്. മേളത്തിന്റെ അകമ്പടിയില്‍ അഞ്ചാമത്തെ പ്രദക്ഷിണത്തോടെ രാത്രി വിളക്കെഴുന്നെള്ളിപ്പ് അവസാനിച്ചു.

 ഏകാദശിവ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. പ്രസാദ ഊട്ടില്‍ നാല്പത്തിനായിരം പേർ പങ്കെടുത്തു.  വ്രത വിഭവങ്ങളായ ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായിരുന്നു, ഏകാദശിയുടെ പ്രസാദ ഊട്ട്. ഇന്നു രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്.

 ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12-മണിയ്ക്ക് ആരംഭിച്ച് 11-മണിയ്ക്ക് അവസാനിച്ച് ഗോപുര നടയടയ്ക്കും. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തി വൈകീട്ട് നാലരയോടെ തിരുനട തുറക്കും. ഏകാദശി വ്രതം നോറ്റവര്‍ക്കായുള്ള ദ്വാദശി ഊട്ട് വെള്ളിയാഴ്ച നല്‍കും. കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്കഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടാകുക. ശനിയാഴ്ച്ച നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവും.

thahani steels

Comments are closed.