ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പന്ത്രണ്ടുകാരന് ഡിഫ്തീരിയ ബാധിച്ചതായി സംശയം. കഴിഞ്ഞ ദിവസം തൊണ്ടവേദനയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോദനക്കെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ഡോ. ശ്രീകുമാറാണ് പ്രാഥമിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബാലന് ഡിഫ്തീരിയയാണെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുവനന്തപുരം ലാബിലേക്കയച്ച സാമ്പിള്‍സിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഡിഫ്തീരിയയാണെന്ന് പൂര്‍ണ്ണമായും സ്ഥിരീകരിക്കാന്‍ കഴിയൂ.
ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഡിഫ്തീരിയ രോഗബാധിതെനെന്നു സംശയിക്കുന്ന വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ക്കും വീടിന്റെ ഒരു കൊലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെപ്പും ബോധവല്‍ക്കരണവും നടത്തി.

കടുത്തപനി തൊണ്ടവേദന ക്ഷീണം എന്നിവയാണ് ഡിഫ്തീരിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഇവ കണ്ടാല്‍ ഉടന്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടേണ്ടതാണ്.
രോഗാണുബാധ ഉണ്ടായി രണ്ടു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പനി, ശരീരവേദന, വിറ, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, ഉച്ചത്തിലുള്ള, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയോടൊപ്പം തന്നെ തൊണ്ടയിൽ കാണുന്ന ചെളി നിറത്തിലുള്ള തുകൽ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങൾ. ശ്വാസതടസ്സം, കാഴ്ചാവ്യതിയാനങ്ങൾ, സംസാരവൈകല്യം, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ കാണാം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ത്വക്കിനെ ബാധിച്ചും ഡിഫ്തീരിയ രോഗബാധ ഉണ്ടാവാറുണ്ട്.ഇവരിൽ തൊലിപ്പുറമേയുള്ള വ്രണങ്ങൾ, ചുവന്ന പാടുകൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

corneyബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് രോഗകാരണം. ഒരു ഡിഫ്തീരിയ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന ചെറു കണികകളിലൂടെയാണ് ഈ രോഗം പകരുന്നത്.ഈ സ്രവങ്ങൾ പുരണ്ട തൂവാലകൾ, ഗ്ലാസുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും ഈ രോഗം പകരാം. ചില രോഗികൾ പുറമേ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ലെങ്കിലും രോഗം പിടിപെട്ട് ആറാഴ്ചക്കാലത്തോളം രോഗം പരത്താനുള്ള ശേഷിയുണ്ടായിരിക്കും. ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷ സമാനമായ ടോക്സിനുകളാണ് ഈ രോഗത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നത്. രക്തത്തിലൂടെ പടർന്ന് ഈ ടോകസിൻ മറ്റു അവയവങ്ങളെയും ബാധിച്ച് ഹൃദയസ്തംഭനം, പക്ഷപാതം, വൃക്കരോഗം എന്നിവയ്ക്കു കാരണമായിത്തീരുന്നു.