കുടിവെള്ള പ്രതിസന്ധിയും റോഡുകളുടെ ശോച്യാവസ്ഥയും: കടപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് സി പി എം മാർച്ച്

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ വീഴ്ചകൾക്കും, മഴക്കാലത്ത് ജനങ്ങൾ നേരിടുന്ന രൂക്ഷമായ ദുരിതങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കലർന്ന കുടിവെള്ളം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഷിഗല്ല, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമെന്നും, അടിയന്തരമായി ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.മഴ ശക്തമായതോടെ പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. സ്കൂൾ വിദ്യാർത്ഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാർ നേരിടുന്ന ദുരിതം പരിഗണിച്ച് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കൂടാതെ, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും പൂർത്തിയാക്കാത്തത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ടെന്നും, ഓടകളും കാനകളും ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ഭരണസമിതി അടിയന്തര ഇടപെടൽ നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി. ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ. വി. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ റാഹില വഹാബ്, എം. എസ്. പ്രകാശൻ, എ. കെ. മുനീർ, ഷെജീറ ഷാഹിർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ. എം. ലത്തീഫ് സ്വാഗതവും പി. എച്ച്. മെഹ്റൂഫ് നന്ദിയും പറഞ്ഞു.


Comments are closed.