Header

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ സ്വദേശിയും

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും.

പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ് (36) ഉൾപ്പെടെ എട്ടു യുവാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരോടൊപ്പം ഒരു യുവതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൊടുപുഴ സ്വദേശി അജ്മൽ, മലപ്പുറം സ്വദേശിനി മെഹർ ഷെറിൻ, എടപ്പാൾ സ്വദേശി നബീൽ, കോഴിക്കോട് സ്വദേശികളായ സൽമാൻ, അജയ്, ഷൗക്കത്ത്, കാസർകോട് സ്വദേശി മുഹമ്മദ് റഷീദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

എൽ.എസ്.ഡി. ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും, ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്. എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. അറസ്റ്റിലായ നബീൽ, സൽമാൻ എന്നിവരുടേതും കൊല്ലം സ്വദേശിനി സൗമ്യ എന്നീ മൂന്ന് പേരുടെ ജന്മദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി.

60 പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇവർ ഒത്തുകൂടിയത്. ഇതിന് നേതൃത്വം നൽകിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവിൽ പിടിയിലായത്. മഹാരാഷ്ട്ര, ബെംഗളൂരു, എന്നിവിടങ്ങളിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത് എന്നും പോലീസ് അറിയിച്ചു.

നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഇതേത്തുടർന്ന്, 60 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നത്. ഇവരിൽ 25 പേർ സ്ത്രീകളായിരുന്നു. എന്നാൽ ഇവരിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കാത്തതിനെ തുടർന്നാണ് പാർട്ടിക്ക് നേതൃത്വം നൽകിയവരെ മാത്രം അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

ഇതിനിടെ റിസോർട്ട് ഉടമയായ ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സിപിഐ വൃത്തങ്ങൾ അറിയിച്ചു.

thahani steels

Comments are closed.