പാവറട്ടി: വിനായകിന്റെ മരണത്തിന് കാരണക്കാരായ എസ്.ഐ. ഉള്‍പ്പെടെയുള്ളവരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്ത് കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പാവറട്ടി സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുല്ലശ്ശേരി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപത്ത് ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ പോലീസിനു നേരേ കല്ലേറുണ്ടായി.
പ്രതിഷേധ മാര്‍ച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് അധ്യക്ഷനായി. വിനായകിന്റെ ഇളയച്ഛന്‍ സി.കെ. കുമാരന്‍ പ്രസംഗം അവസാനിപ്പിക്കാനാകാതെ വിങ്ങിപ്പൊട്ടി. ഡി.വൈ.എഫ്.ഐ. നേതാക്കളായ എ.കെ. അഭിലാഷ്, കെ.എച്ച്. സുല്‍ത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. പാവറട്ടി പോലീസിന്റെ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ മാര്‍ച്ച് അവസാനിച്ച് പോകുന്നതിനിടയിലും പോലീസിനുനേരേ കല്ലേറുണ്ടായി.