ചാവക്കാട്: പോലീസ് മര്‍ദനത്തെ തുടര്‍ന്ന് അവശനായി ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകിന്റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
ദളിത് വിഭാഗത്തോട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തുടരുന്ന സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. മന്ത്രിസഭയില്‍ ജില്ലയില്‍നിന്ന് മൂന്നുപേര്‍ ഉണ്ടായിട്ടും വിനായക് ആത്മഹത്യചെയ്ത് പത്തുദിവസം കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ അനുശോചനമറിയിക്കാനോ നാട്ടുകാരായ മന്ത്രിമാര്‍ എത്താതിരുന്നത് മനഃസാക്ഷിയുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് തെളിഞ്ഞിട്ടും പോലീസ് അധികാരികള്‍ക്കെതിരേ ശക്തമായ നടപടികള്‍ ഇല്ലാത്തത് സര്‍ക്കാരിന്റെ ഈ വിഷയത്തിലെ ആത്മാര്‍ത്ഥതക്കുറവാണ് കാണിക്കുന്നത്.വിനായകിന്റെ കുടുംബത്തിന് സഹായമാകേണ്ട സ്ഥലം എം.എല്‍.എ. കെ.വി. അബ്ദുല്‍ ഖാദര്‍ ഈ വിഷയത്തില്‍ പൂര്‍ണ പരാജയമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
മരിച്ച വിനായകിന്റെ വീട് യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.എം. മനാഫ്, ജനറല്‍ സെക്രട്ടറി എ.വി. അലി, ഭാരവാഹികളായ എം.സി. ഗഫൂര്‍, ഷാഫി എടക്കഴിയൂര്‍, എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് പി.എ. അന്‍വര്‍, ജില്ലാ സെക്രട്ടറി ജുറൈജ് ചേറ്റുവ, ലീഗ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് നേതാക്കളായ സിദ്ധീഖ് ചേറ്റുവ, റാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.