സാമ്പത്തിക സംവരണം: സർക്കാർ തെറ്റുകൾ തിരുത്തണം – വിസ്ഡം
ചാവക്കാട് : ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നിരുന്ന സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വിദ്യാഭ്യാസ പരമായും, സാമൂഹികമായും ഉന്നതിയിലെത്തിക്കാൻ ഭരണഘടനാ ശില്പികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻ വാങ്ങണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംയുക്ത ശാഖാ നേതൃസംഗമം ആവശ്യപ്പെട്ടു.
പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന സംവരണ തത്വങ്ങളെ അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട, ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ സമൂഹ മന:സാക്ഷി ഉയരണം. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി സംവരണ മേഖലയിൽ ഉയർന്നു വന്ന പരാതികൾ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം.
പല പഠന റിപ്പോർട്ടുകളും, കമ്മീഷനുകളും വിഷയത്തിന്റെ ഗൗരവം സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാറി മാറി വരുന്ന സർക്കാറുകൾ പ്രായോഗിക നടപടികൾ സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
അകലാട് ശാഖാ നേതൃ സംഗമത്തിൽ വിസ്ഡം ശാഖാ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. നവംബർ 15 ന് നടക്കുന്ന മെമ്പേഴ്സ് മീറ്റ്, നവംബർ 22 ന് നടക്കുന്ന ഡയലോഗ്, ക്യു. എച്ച്. എൽ.എസ് വാർഷിക പരീക്ഷ, സി.ആർ.ഇ. ക്ലാസുകൾ തുടങ്ങിയ പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകി.
ഭാരവാഹികളായ ഇബ്രാഹിം, കെബീർ, ജാഫർ, ബഷീർ, അനസ്, നാദിർ, ഫാസിൽ, ഫാരിസ്, സൈനുൽ ആബിദീൻ എന്നിവർ സംബന്ധിച്ചു.
വിസ്ഡം ശാഖാ സെക്രട്ടറി അബ്ദുൽ കെബീർ സ്വാഗതവും, വിസ്ഡം യൂത്ത് ശാഖാ സെക്രട്ടറി റഫീക്ക് നന്ദിയും പറഞ്ഞു.
Comments are closed.