അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു – എടക്കഴിയൂർ നേർച്ച തുടങ്ങി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടതോടെ നേർച്ചക്ക് തുടക്കമായി.

എടക്കഴിയൂർ നേർച്ചയുടെ ആദ്യ കാഴ്ച്ച പാരമ്പര്യമായി കൊഴപ്പാട്ട് തറവാട്ടിൽ നിന്നുമാണ് പുറപ്പെടാറ്. വർഷങ്ങളായി ആദ്യകാഴ്ച്ചക്ക് നേതൃത്വം നൽകിയിരുന്ന അയ്യപ്പു സ്വാമി മൂന്നു വർഷം മുൻപാണ് മരിച്ചത്. ഒരാഴ്ചത്തെ വൃതവും മറ്റു ചടങ്ങുകൾക്കും ശേഷമാണ് ആദ്യ കാഴ്ച്ച പുറപ്പെടുക.
അയ്യപ്പു സ്വാമിയുടെ മക്കളായ രാജു, ബാബു മറ്റു കുടുംബാംഗങ്ങളും ചേർന്ന് ആദ്യകാഴ്ച്ചക്ക് വേണ്ട കുടുംബ ചടങ്ങുകൾ നിർവഹിച്ച് ആനയും ബാൻഡ് വാദ്യവുമായി ആദ്യ കാഴ്ച്ച പുറപ്പെട്ട് ജാറം അംഗണത്തിൽ എത്തിച്ചേർന്നു. അയ്യപ്പു സ്വാമിയുടെ മക്കളും കുടുംബാംഗങ്ങളും കാഴ്ച്ചക്ക് നേതൃത്വം നൽകി. അയ്യപ്പു സ്വാമിയുടെ കുടുംബത്തെ ജാറത്തിൽ സംഘാടകർ സ്വീകരിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞു എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തുനിന്ന് പുറപ്പെടുന്ന തിരുമുൽക്കാഴ്ച രാത്രി 10 മണിക്ക് ജാറത്തിൽ എത്തിച്ചേരും. തുടർന്ന് ഗുസ്താവോ ഫസ്റ്റ് രാത്രി 12 മണിക്ക് ജറാത്തിൽ എത്തും. തെക്കുഭാഗം കാഴ്ചകൾ ഹോപ്സ് മുട്ടിൽ, ഹുലിയൻസ് കുരഞ്ഞിയോർ എന്നിവ രാത്രി പന്ത്രണ്ടു മണിയോടെ ജാറം അംഗണത്തിൽ സമാപിക്കും.
നേർച്ചയുടെ രണ്ടാം ദിവസം രാവിലെ 8 മണിക്ക് യഹിയ തങ്ങളുടെ വസതിയിൽ നിന്നും, അതിർത്തിയിൽ നിന്നും ആരംഭിക്കുന്ന തെക്ക്, വടക്ക് ഭാഗം കമ്മറ്റികളുടെ കൊടിക്കയറ്റ കാഴ്ചകൾ കൃത്യം 12 മണിക്ക് ജാറത്തിൽ എത്തി കൊടികയറ്റും.
തുടർന്ന് കാജാ ഫസ്റ്റ്, ന്യൂ ഫ്രണ്ട്സ്, ന്യൂ ബ്രദേഴ്സ്, മഷാഹി, ഡീസോൺ ഫാൽക്കാൺ, തമ്പ്രാക്കൻസ്, സിറ്റി ഗേസ്, നോവ ഫസ്റ്റ്, ന്യൂ ചലഞ്ച്, ഹരിസോണ എന്നീ ക്ലബ്ബുകളുടെ കാഴ്ചകളും വടക്കു ഭാഗത്ത് നിന്നും, തെക്ക് ഭാഗത്ത് നിന്ന് അഫയൻസ് എടക്കഴിയൂർ, യൂത്ത് പവർ ചങ്ങാടം റോഡ്, പുല്ലൻചിറ അതിർത്തി, സെനിത്ത് അതിർത്തി, സ്പാർട് എക്സ് അതിർത്തി, ലിബ്രറ്റ് പുതിയറ, സ്കോർ പിയോൻസ് തിരുവത്ര, ബ്ലാക്ക്ക്രോപ്സ് തിരുവത്ര ബീച്ച്, റിബിൾസ് ചെങ്ങാടം റോഡ് എന്നീ കാഴ്ചകളും ഉണ്ടാകും.

Comments are closed.