mehandi new

സ്വപ്ന പദ്ധതികളുടെ സാഫല്യം – അഭിമാനത്തോടെ മൂന്നാം വർഷത്തിലേക്ക് ചാവക്കാട് നഗരസഭാ ഭരണസമിതി

fairy tale

ചാവക്കാട് : ഡിസംബർ 28 നു രണ്ടു വർഷം പൂർത്തീകരിക്കുന്ന ചാവക്കാട് നഗരസഭ ഭരണസമിതി തങ്ങളുടെ സ്വപ്ന പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ്.
ബസ്സ്‌ സ്റ്റാണ്ട് പരിസരത്ത് ടേക് എ ബ്രേക്ക്‌ പദ്ധതിയിൽ പണിത വഴിയിടം വിശ്രമകേന്ദ്രത്തിന്റെ ഇരുനില കെട്ടിടം അതിൽ ഒന്നാണ്. യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും അമ്മമാർക്ക് മുലയൂട്ടാനും ഇവിടെ പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാകും. വഴിയിടം വിശ്രമകേന്ദ്രം ഈ മാസം 26 നു സ്പീക്കർ ഷംസീർ നാടിനു സമർപ്പിക്കും.

നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ് ആണ് മറ്റൊരു പദ്ധതി. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ നഗരസഭയുടെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ‌ ലക്ഷ്യം.
നഗരസഭയിലെ റോഡുകളുടെ മാപ്പിങ്ങും പൊതു ആസ്തികളായ കുളങ്ങള്‍, തോടുകള്‍, പുഴകള്‍, തെരുവു വിളക്കുകള്‍, തുടങ്ങിയവയുടെ മാപ്പിംഗും. റോഡ്, നടപ്പാത, ലാന്‍ഡ് മാര്‍ക്ക്, പാലം, ഡ്രെയിനേജ്, കനാല്‍, കള്‍വര്‍ട്ട്, റോഡ് ജങ്ഷന്‍, ഡിവൈഡര്‍, റോഡ് സിഗ്‌നല്‍, പാര്‍ക്കിങ് ഏരിയ, തരിശുനിലങ്ങള്‍, വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വീടുകള്‍, കെട്ടിടങ്ങൾ നഗരസഭയുടെ മറ്റ് ആസ്തികള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങളും വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗതയാര്‍ന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. 23 ലക്ഷം രൂപ ചിലവിൽ നടപ്പാക്കുന്ന ഈ പദ്ധതി അടുത്ത മാസം ആദ്യ വാരത്തിൽ നാടിനു സമർപ്പിക്കും.

ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് പരപ്പിൽ താഴം ട്രഞ്ചിങ് ഗ്രൗണ്ടിലാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഹരിത ഉദ്യാനം, എം ആർ എഫ് ( meterial recovery fecility ) വിപുലീകരണവും അതിന്റെ ഭാഗമായുള്ള കെട്ടിട നിർമ്മാണം, ബയോ മൈനിംഗ്, വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എന്നിവക്കായി രണ്ടു കോടി ഇരുപത്തിയാറു ലക്ഷം രൂപയുടെ പ്രവർത്തികൾ ഇതിനോടകം ആരംഭിച്ചു. പദ്ധതികൾ പൂർത്തീകരിക്കുന്നത്തോടെ നഗരസഭയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

കെൽട്രോണുമായി സഹകരിച്ച് നടപ്പിലാക്കിയ ഹരിത മിത്രം സ്മാർട് ഗാബേജ് മാനേജ് മെന്റ് സിസ്റ്റം നഗരസഭയിലെ മാലിന്യ ഉറവിടങ്ങളെ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചു.

പാലയൂരിലും, പുതൻകടപ്പുറത്തും ഹെൽത്ത് വെൽനെസ്സ് കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും.
പച്ചക്കറി മാർക്കറ്റിൽ ഇരുനിലകളിലായി 6000 ചതുരശ്ര അടിയിൽ 65 ലക്ഷം രൂപ ചിലവിൽ പണിത കെട്ടിടവും, മുതുവട്ടൂരിൽ 44 ലക്ഷം രൂപ ചിലവിൽ നിർമിച്ച പി പി സെയ്തുമുഹമ്മദ്‌ ഹാജി സ്മാരക മന്ദിരവും ഉടൻ നാടിനു സമർപ്പിക്കും.

മുതുവട്ടൂരിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് കുറഞ്ഞ ചിലവിൽ താമസിക്കാൻ സൗകര്യമുള്ള ഷീ സ്റ്റേ വനിതാ ഹോസ്റ്റൽ, വനിതാ ജിം, സുഭിക്ഷ ഹോട്ടൽ എന്നിവ രണ്ടു വർഷത്തെ ഭരണ സമിതിയുടെ പ്രധാന നേട്ടങ്ങളായി നഗരസഭ ചെയർ പേഴ്സൻ ഷീജ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.

വർഷാവസാനത്തിൽ പുതുയുഗപിറവിയോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ഒരു ഗ്രാന്റ് ബീച്ച് ഫെസ്റ്റിവൽ നടത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.

വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മരായ ബുഷറ ലത്തീഫ്, ഷാഹിന സലീം, പ്രസന്ന രണദിവെ, പി.എസ് അബ്ദുൾ റഷീദ്, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Meem travels

Comments are closed.