ഗ്യാസ് സിലിണ്ടർ വർഷത്തിൽ പതിനഞ്ചെണ്ണം മാത്രം – പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം രഹസ്യമായി പ്രാബല്യത്തില്‍
ചാവക്കാട് : ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം മാസങ്ങൾക്ക് മുന്നേ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സർക്കാർ രഹസ്യമായി നടത്തിയ നിയന്ത്രണം ഉപഭോക്താക്കളും ഏജൻസികളും അറിയുന്നത് ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ.
ഒരു ഉപഭോക്താവിന് ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ലഭിക്കു. മാസത്തിൽ രണ്ടിൽ കൂടുതൽ സിലിണ്ടറും ലഭിക്കില്ല. മാസങ്ങൾക്ക് മുൻപേ നിയന്ത്രണം നടപ്പിലായിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും ചാവക്കാട് അനു ഗ്യാസ് ഏജൻസി ജീവനക്കാർ പറഞ്ഞു. ഉപഭോക്താക്കൾ പലരും ഓൺലൈനിൽ ഗ്യാസ് ബുക്ക് ചെയ്തിട്ടും ഏജൻസിയുടെ കമ്പ്യൂട്ടറിൽ ബുക്കിംഗ് കാണിക്കുന്നില്ലെന്ന പരാതി വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഈ വർഷത്തെ ഗ്യാസ് സിലിണ്ടർ ക്വോട്ട കഴിഞ്ഞെന്ന വിവരം ലഭിക്കുന്നത്. ഈ ഉപഭോക്താക്കൾക്ക് ഇനി അടുത്ത വർഷം മാത്രമേ സിലിണ്ടർ ലഭിക്കൂ.
സാമ്പത്തിക വർഷംകണക്കാക്കിയാണ് നിയന്ത്രണം. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള പന്ത്രണ്ടു മാസത്തിൽ 15 സിലിണ്ടർ മാത്രമേ ഒരു ഉപഭോക്താവിന് ലഭിക്കൂ. പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ വാങ്ങിയ സിലിണ്ടറിന്റെ എണ്ണമാണ് കണക്കാക്കുക.
അധിക സിലിണ്ടര്‍ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിലുള്‍പ്പെടും. അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്പനികള്‍ പറയുന്നത്.
Comments are closed.