Header

കെപിസിസി ക്കും ഡിസിസിക്കും പുല്ല് വില – ഗുരുവായൂരിൽ ഗ്രൂപ്പ് പോര് രൂക്ഷം

ചാവക്കാട് : ഗുരുവായർ മണ്ഡലത്തിൽ കോൺഗ്രസ്സ് പാർട്ടിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്നെ കേന്ദ്രീകരിച്ചാണ് പുതിയ പോർനിലം. ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പോടെയാണ് തുറന്ന പോരിന് കളമൊരുങ്ങിയത്.

കെ.പി.സി.സിയും ഡി.സിസിയും നിർദ്ധേശിച്ച ബ്ലോക്ക് കോൺഗ്രസ്റ്റ് വൈസ് പ്രസിഡൻ്റ് ബാലൻ വാറണാട്ട് ബാങ്ക് തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുകയും കോൺഗ്രസ്സ് പുറത്താക്കിയ വിമത സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തതിനെ തുടർന്ന് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ രംഗത്ത് വന്നിരുന്നു.

ഗോപ പ്രതാപനെ അനുകൂലിച്ചു എതിർത്തും കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കി പ്രസ്ഥാവനകളും പത്രസമ്മേളനങ്ങളും നടത്തി. ഇരു വിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. ഗോപ പ്രതാപനാണ് വിമത സ്ഥാനാർഥിയുടെ വിജയത്തിന് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം. യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് നേതാക്കൾ കെ പി സി സി നേതൃത്വത്തോട് ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

ഇതിനിടെ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതി നിലവിൽ വന്നു. ബ്ലോക്ക് പ്രസിഡന്റ് നെതിരെ നടപടി വരുന്നതും കാത്തിരുന്ന നേതാക്കൾക്ക് തലക്കേറ്റ അടിയായിരുന്നു ആ വാർത്ത. അടുത്ത ദിവസം യൂത്ത്കോണ്ഗ്രസ്സിന്റെ പേരിൽ നടന്ന ബാങ്ക് ഭാരവാഹികളുടെ സ്വീകരണ ചടങ്ങ് ഡിസിസി ജന.സെക്രട്ടറി പി യതീന്ദ്രദാസാണ് ഉദ്‌ഘാടനം ചെയ്തത്.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഒൻപതു മണ്ഡലം പ്രസിഡൻ്റുമാരും ജില്ലാ സെക്രട്ടറിമാരും ബ്ലോക്ക് ഭാരവാഹികളും പുതിയ ഭരണ സമിതിക്കെതിരെയും തിരഞ്ഞെടുപ്പിന് അധ്യക്ഷ്യം വഹിച്ച വരണാധിക്കെതിരെയും ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപനെതിരെയും കെ.പി.സി.സിക്കും ജില്ലാ കോൺഗ്രസ്സ് കമ്മറ്റിക്കും പരാതി നൽകി. ഇതിനിടെ രാഹുൽ ഗാന്ധി ഇ ഡി വിഷയത്തിലും, രാഹുൽ ഗാന്ധിയുടെയും കെ പി സി സി ഓഫീസിന് നേരെയും നടന്ന ആക്രമണതിനെതിരെയെല്ലാം ഗുരുവായൂർ മണ്ഡലത്തിൽ നടന്ന പ്രതിഷേധങ്ങളും ചേരിതിരിഞ്ഞാണ് നടന്നത്. ഒരു വിഭാഗം പോസ്റ്റ് ഓഫീസ് മാർച്ച് നടത്തുമ്പോൾ മറ്റൊരു വിഭാഗത്തിന്റേത് ബി എസ് എൻ എൽ ഓഫീസിലേക്കായിരുന്നു.

വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിനെ രംഗത്തിറക്കിയതാണ് ഗ്രൂപ്പ് പോരിൽ ഏറ്റവും പുതിയത്.
കഴിഞ്ഞ ദിവസം കെ.എസ് യു സംസ്ഥാന സെക്രട്ടറി മാരും ജില്ലാ പ്രസിഡണ്ടും ഒപ്പ് വെച്ച ഔദ്യോഗിക ലെറ്റർപാടിൽ ഇറക്കിയ പ്രസ്ഥാവനയിൽ മൂന്നാം തിയതി ഗുരുവായൂരിൽ നടക്കുന്ന പരിപാടിയിൽ കെ എസ് യു വിനു യാതൊരു പങ്കുമില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ മൂന്നാം തിയതി ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന കെ എസ് യു കൺവൻഷൻ കെ പി സി സി സെക്രട്ടറി അഡ്വ. ഷാജി കോടൻകണ്ടത്താണ് ഉദ്ഘാടനം ചെയ്തത്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലാൽ ശ്രീധർ മുഖ്യാതിഥിയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

നേതൃത്വത്തെ ധിക്കരിച്ച് ഒരു കൂട്ടം ആളുകളെ വെച്ച് പ്രകടനവും പൊതുയോഗവും നടത്താൻ നേതൃത്വം നൽകിയത് സി എ ഗോപ പ്രതാപനാണെന്നും സഹകരണ ബാങ്ക് ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ലെന്നുമാണ് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകരുടെ നിലപാട്.

thahani steels

Comments are closed.