ചാവക്കാട്: അന്യം നിന്നുപോകുന്ന മാവുകളേയും മധുരമാർന്ന മാമ്പഴക്കാലവും തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തന പദ്ധതികളുമായി ജനകീയ കൂട്ടായ്മയില്‍ ‘പുനര്‍ജനി’ക്ക് രൂപം നല്‍കി.
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ നാട്ടുമാവുകളുടെ സംരക്ഷണം, അന്യം നിന്നുപോകുന്ന മാവുകളെ കണ്ടെത്തൽ, മാവ് കൃഷി സാങ്കേതിക വിദ്യകളുടെ ജനകീയവത്കരണം, മാമ്പഴമേള, മാവിനെ അറിയൽ തുടങ്ങീ വിവിധ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നു. എപാർട്ട്, ദേവസൂര്യ കലാവേദി, ഫ്രന്റ്സ് തേര് കമ്മിറ്റി, വായനാ കൂട്ടായ്മ, ആൾ ഈസ് വെൽ, സൈക്കിൾ ക്ലബ്ബ്, ജനകീയ ചലച്ചിത്ര വേദി, തണൽ സാംസ്കാരിക വേദി, ആസിഫ് എന്നീ സംഘടനകളോടൊപ്പം വാട്സാപ്പ് കൂട്ടായ്മയായ എന്തും വിളയും മട്ടുപ്പാവ്, വിത്തുപെട്ടി, സേവ് നേച്ചർ സേവ് എർത്ത് എന്നിവയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് . ‘പുനർജനി ‘ യുടെ ഉദ്ഘാടനം വാർഡ് മെമ്പർ വി.കെ.ജോസഫ് നിർവ്വഹിച്ചു. പൊതു സ്ഥലങ്ങളിൽ മാവ് വെച്ച് പിടിപ്പിച്ച് സംരക്ഷണം നടത്തി വരുന്ന ഷിജു വെള്ളറയേയും നൂറ്റാണ്ട് പിന്നിട്ട മാവിനെയും ആദരിച്ചു.
കോ. ഓർഡിനേറ്റർ റാഫി നീലങ്കാവിൽ, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, റെജി വിളക്കാട്ടു പാടം, നൗഫൽ കുടിലങ്ങൽ, സദാനന്ദൻ മധുക്കര, ബാബു മാസ്റ്റർ, ബിമിത ടിറ്റോ, രാജു സി.ജെ, പേളി ജോൺസൺ എന്നിവർ പ്രസംഗിച്ചു.