തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം രൂക്ഷം – യു ഡി എഫ് യോഗത്തിൽ നിന്നും ഐ ഗ്രൂപ്പ് വിട്ടുനിന്നു

ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്ത് ഇറങ്ങി തുടങ്ങിയെങ്കിലും ചാവക്കാട് കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം രൂക്ഷം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ ഇന്ന് വിളിച്ചു ചേർത്ത ഗുരുവായൂർ മണ്ഡലം യു ഡി എഫ് നേതൃത്വ യോഗത്തിൽ നിന്നും ഐ ഗ്രൂപ്പ് വിഭാഗം വിട്ടുനിന്നു. ചാവക്കാട് വഞ്ചിക്കടവ് ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് അടുത്തിട്ടും അവസാനിക്കുന്നില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ വി യുസുഫ് ഐ ഗ്രൂപ്പിന് സ്വീകാര്യനല്ല എന്നതാണ് ഗ്രൂപ്പ് പോര് ശക്തമായി തുടരാൻ കാരണം.

ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് അഞ്ചോളം മേഖലാ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഇതിനെതിരെ സമാന്തര മേഖലാ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടന്ന എ ഗ്രൂപ്പ് യോഗത്തിൽ തീരുമാനം എടുത്തിരുന്നു. കഴിഞ്ഞ മാസം അവസാനത്തിൽ നടന്ന സ്നേഹ സന്ദേശ യാത്രയിലും ഗ്രൂപ്പ് അസ്വാരസ്യങ്ങൾ ഉണ്ടായതായി ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയുടെ ഏഴാം ദിവസം ഗുരുവായൂരിൽ നിന്നും ആരംഭിച്ച യാത്ര പാലയുരിൽ എത്തിയപ്പോൾ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടായെന്നായിരുന്നു വാർത്ത. എന്നാൽ കോൺഗ്രസ്സ് എ, ഐ ഗ്രൂപ്പ് നേതൃത്വം ഇത് നിഷേധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ലീഗ് ഓഫീസിൽ ചേർന്ന യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. ആർ. വി. അബ്ദുറഹി, ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുൾ റാഹിമാൻ, കെ. ഡി. വീരമണി, എം. വി. ഹൈദ്രാലി, എ. എം. അലാവുദ്ധീൻ, ടി. എസ്. അജിത്ത്, വി. കെ.ഫസലുൽ അലി, അരവിന്ദൻ പല്ലത്ത്, കെ. വി. ഷാനവാസ്, പി. വി. ഉമ്മർ കുഞ്ഞ്, തോമസ് ചിറമ്മൽ,കെ. കെ. ഹംസകുട്ടി, സി. വി. സുരേന്ദ്രൻ, എന്നിവരാണ് പങ്കെടുത്ത നേതാക്കൾ.

Comments are closed.