ഗുരുവായൂർ : വെള്ളക്കെട്ട് മൂലം ദുരിതത്തിലായ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്ത് ഗുരുവായൂർ സിവിൽ ഡിഫെൻസ് ടീം.

കടലേറ്റം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ചാവക്കാട് അഞ്ചങ്ങാടി ഭാഗം, വെള്ളക്കെട്ടിലായ എളവള്ളി കാക്കതുരുത്തി, വടക്കേക്കാട് ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

വെള്ളത്താൽ ഒറ്റപ്പെട്ട് പോയ വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷ്യ വസ്തുക്കൾ എന്നിവ എത്തിക്കാൻ ഇവർ 24 മണിക്കൂറും സജ്ജരാണ്. പ്രതികൂല സാഹചര്യങ്ങൾ, ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതി എന്നിങ്ങനെ ഏത് അടിയന്തിര ഘട്ടത്തിലും ബന്ധപ്പെടാനുള്ള നമ്പറുകൾ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്.

ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഷെൽബീർ അലി, രഞ്ജിനി, കെ. എസ് ശ്രുതി, സുഹൈൽ, ഫഹദ്, അജിത്, പ്രബീഷ്, ഷരീഫ്, താജുദ്ധീൻ എന്നീ സിവിൽ ഡിഫെൻസ് അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.