ഗുരുവായൂര്‍ : ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒന്നരക്കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. തൃശ്ശൂര്‍ റേഞ്ച് ഐ. ജി. എം. ആര്‍ അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ഭക്തജന തിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള സുരക്ഷാ ഉപകരണങ്ങളുടെ കാര്യക്ഷമത ദേവസ്വം ചൂണ്ടികാട്ടിയതിനെ തുടര്‍ന്നാണ് അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് സുരക്ഷാസംവിധാനം കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിലെ നിലവിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ക്ഷേത്ര പരിസരത്തുള്ള നിരീക്ഷണ ക്യാമറകള്‍ കാര്യക്ഷമമല്ലെന്ന് സംഘം കണ്ടെത്തി. ഇവ കാര്യ ക്ഷമമാക്കാനും മൂന്നു മാസത്തിനകം കൂടുതലായി 60 കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിലും നടപന്തലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെയാണ് കാമറകള്‍  സ്ഥാപിക്കുക. 18 മെറ്റല്‍ ഡിറ്റക്ടറുകള്‍, 4 സ്‌മോക്ക് ഡിറ്റക്ടറുകള്‍, ഡ്രാഗണ്‍ ലൈറ്റുകള്‍, ബോംബ് ഇന്‍ഹെറിറ്റര്‍ തുടങ്ങിയവയും പുതുതായി വാങ്ങും. 28 ലക്ഷം രൂപ ചെലവുള്ള ബോംബ് സ്യൂട്ടും ഇവയിലുള്‍പ്പെടും. സ്യൂട്ട്  ഈ മാസം കൊണ്ടുവരാനും യോഗം തീരുമാനിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ്, ഗുരുവായൂര്‍ എ.സി.പി ആര്‍. ജയചന്ദ്രന്‍ പിള്ള, ഡി.വൈ.എസ്.പിമാരായ കെ.കെ. രവീന്ദ്രന്‍, ബാബുരാജ്, ഗുരുവായൂര്‍ സി.ഐ.എന്‍ രാജേഷ്, ബോംബ് സ്‌ക്വാഡ് സി.ഐ. ബോസ്‌ക്കോ ജോസഫ്, ദേവസ്വം ഭരണസമിതിയംഗം കെ.  കുഞ്ഞുണ്ണി, അഡ്മിനിസ്‌ട്രേറ്റര്‍ സി.  എന്‍ . അച്യുതന്‍ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.