അഴുക്കുചാല്‍ പദ്ധതി – പൈപ്പിടല്‍ ആഗസ്റ്റില്‍ പുനരാരംഭിക്കും
ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ ആഗസ്റ്റ് മാസത്തില്‍ പുനരാരംഭിക്കാന്‍ നഗരസഭ കലക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ന്ന നഗരസഭാ യോഗത്തില്‍ ധാരണ. വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചാണ് യോഗം ചേര്‍ന്നത്. വാട്ടര്‍ അതോറിറ്റിക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ന്നു. അഴുക്കുചാലിന്റെ പൈപ്പിടല്‍ അവസാനഘട്ടം പൂര്‍ത്തിയാക്കാതെ കമ്പനി പണി നിര്‍ത്തിയതിനെ കലക്ടറടക്കമുള്ളവര്‍ വിമര്‍ശിച്ചു. ശേഷിക്കുന്ന ഘട്ടം ജനുവരിയില്‍ ആരംഭിക്കാനേ കഴിയൂ എന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചെങ്കിലും ആഗസ്റ്റിന് ശേഷം ആരംഭിക്കാമെന്ന് യോഗത്തിന് ശേഷം വാട്ടര്‍ അതോറിറ്റി ഉറപ്പ് നല്‍കി. ഗുരുവായൂര്‍ പകര്‍ച്ച വ്യാധികളുടെ മുള്‍മുനയിലാണെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. ദേവസ്വം വക സ്ഥാപനങ്ങളില്‍ നിന്നും മറ്റ് പൊതുകക്കൂസുകളില്‍ നിന്നും കക്കൂസ് മാലിന്യമടക്കം പൊതുകാനയിലേക്ക് ഒഴുക്കുന്നതായും ചൂണ്ടിക്കാട്ടി. വാട്ടര്‍ അതോറിറ്റി റോഡരികില്‍ കൂട്ടിയിട്ട മാന്‍ ഹോളിന്റെ റിങുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായതായി യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ റിങുകള്‍ ഒരാഴ്ചക്കകം മാറ്റാനും റോഡുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാന്‍ഹോളുകള്‍ റോഡിനൊപ്പമാക്കുന്നതിനും കരാറുകാരന് നിര്‍ദേശം നല്‍കാന്‍ കലക്ടര്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കാനകള്‍ വൃത്തിയാക്കാന്‍ പി.ഡബ്ലു.ഡിയും ദേവസ്വം അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം നഗരസഭകളെയും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തിന് ശേഷം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിട്ടുള്ള വാട്ടര്‍ അതോറിറ്റിയുടെ മാന്‍ ഹോള്‍ റിങുകള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. ടൗണ്‍ ഹാളിന് പുറകിലെ നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രവും സന്ദര്‍ശിച്ചു. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ.പി.കെ,ശാന്തകുമാരി അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിര്‍മല കേരളന്‍, ഷൈലജ ദേവന്‍, ആര്‍.വി.മജീദ്, മുന്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, വിവിധ കക്ഷി നേതാക്കളായ ആന്റോ തോമസ്, അഭിലാഷ് വി. ചന്ദ്രന്‍, ശോഭ ഹരിനാരായണന്‍, റഷീദ് കുന്നിക്കല്‍, ഡി.എം.ഒ ഡോ.കെ. സുഹിത എന്നിവര്‍ സംസാരിച്ചു.
Comments are closed.