Header

ഹൈദ്രോസ് കുട്ടി മൂപ്പരുടെ വീരമൃത്യു ഡച്ചു സൈന്യവുമായുള്ള പോരാട്ടത്തിൽ

ഹൈദരലിയുടെ പ്രതിനിധിയായി തെക്കെ മലബാറിലും കൊടുങ്ങല്ലൂരിലും പ്രവർത്തിച്ച,   കൊച്ചി രാജാവിനും ഡച്ചുകാർക്കും പേടി സ്വപ്നവും അതേ സമയം മാതൃകാ ഭരണാധിപനുമായാണ് ചരിത്രം മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരെ രേഖപ്പെടുത്തുന്നത്. ഹൈദരലിയുടെ കാല ശേഷം പുത്രൻ ടിപ്പു സുൽത്താൻെറ കീഴിലും ഹൈദ്രോസ് കുട്ടിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിൻറെ മഹത്വം. ഡച്ചു ഭരണത്തിനും അവരുടെ കീഴിലുള്ള നാട്ടുരാജാക്കൻമാർക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച ഹൈദ്രോസ് കുട്ടി മൂപ്പരെ ഡച്ചുകാരാണ് ഏറ്റുമുട്ടിലിലൂടെ വകവരുത്തിയത്. അതിന് ശക്തമായ തെളിവുമുണ്ട്. എന്നാൽ കാലങ്ങളായി നാം കേൾക്കുന്നതൊ ഹൈദ്രോസ് കുട്ടിയുടെ ഘാതകൻ ടിപ്പുസുൽത്താൻ എന്നും.

വിശദമായ വായന

 മണത്തല ഹൈദ്രോസ് കുട്ടിമൂപ്പരുടെ ചരിത്രത്തിൽ ഇന്നും നാട്ടുകാരെ സംശയിപ്പിക്കുന്ന കാര്യമാണ് അദ്ദേഹത്തിൻറെ രക്ത സാക്ഷിത്വത്തിൻറെ പിന്നിൽ ആരെന്നുള്ള ചോദ്യം. മലബാർ മാന്വൽ എഴുതിയ മലബാർ കലക്ടർ വില്യം ലോഗൻ, പിന്നീട് കലക്ടർ ആയെത്തിയ സി.എ. ഇന്നസ് മുതൽ ഹൈദ്രോസ് കുട്ടിയുടെ ചരിത്രം എഴുതിയ ചേറ്റുവായ് അബ്ദുൽ ഖാദർ വരെ അവകാശപ്പെടുന്നത് അദ്ദേഹം കൊല്ലപ്പെട്ടത് ടിപ്പു സുൽത്താൻെറ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണെന്നാണ്. ടിപ്പു സുൽത്താൻറെ ഭൂപരിഷ്ക്കരണ നിയമത്തെ ഇഷ്ടപ്പെടാതെ ആ നിയമത്തെയും ടിപ്പുവിനെയും ധിക്കരിച്ച്,  ടിപ്പുവിൻറെ ഗവർണാറായിരുന്ന ഹൈദ്രോസ് കുട്ടി സാമൂതിരിയുടെ നായർ പടയോടൊപ്പം ചേർന്നതിനാണ് ടിപ്പുവിൻറെ ആളുകൾ വകവരുത്തിയെന്നാണ് ബ്രിട്ടീഷുകാരും അവരെ ചുവടു പിടിച്ച് ചില ഡച്ചുകാരും ഇവർക്കൊപ്പം ചില മലയാളി ചരിത്രകാരന്മാരും എഴുതിയതും പ്രചരിപ്പിച്ചതും. അതുവഴി രണ്ട് കാര്യങ്ങളാണ് ബ്രിട്ടീഷുകാർ ഉദ്ദേശിച്ചത്. ഒന്ന് അവരുടെ എക്കാലത്തെും പ്രധാന ശത്രുവായിരുന്ന ടിപ്പു സുൽത്താനോടുള്ള പകയുണ്ടാക്കുകയെന്നാതായിരുന്നു. സ്വന്തം സമുദായത്തിലുള്ള ഹൈദ്രോസ് കുട്ടി മൂപ്പർക്ക് പോലും ടിപ്പുവിൻറെ ഭൂ പരിഷ്ക്കരണ നിയമം അംഗീകരിക്കാനായില്ല എന്ന് വരുത്തലാണ് രണ്ടാമത്തെ ഉദ്ദേശ്യം. ആ പ്രചാരണം ബ്രിട്ടീഷുകാരുടെ മികച്ചതും എന്നാൽ ചാവക്കാടിനു നൽകാവുന്നതിൽ ഏറ്റുവും  നീചവുമായതായിരുന്നു. സത്യത്തിൽ ആരാണ് ഹൈദ്രോസ് കുട്ടിയുടെ കൊലപാതകത്തിനു പിന്നിൽ..‍..‍? ബ്രിട്ടീഷുകാരേക്കാൾ മണത്തല ഹൈദ്രോസ് കുട്ടിയെ ഭയപ്പെട്ടിരുന്നത് ലന്തക്കാർ എന്ന ഡച്ചുകാരായിരുന്നു. സാമൂതിരിയുമായും പിന്നീട് ഹൈദരലിയുമായും അതിനു ശേഷം ടിപ്പുവിൻറെ സൈന്യവുമായും നിരന്തരം യുദ്ധം നടക്കുമ്പോൾ അവരുടെ നേതൃത്വത്തിൽ ഹൈദ്രോസ് കുട്ടി മൂപ്പരായിരുന്നു മുന്നിലുണ്ടായിരുന്നത് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഈ യുദ്ധങ്ങൾക്കെല്ലാം അപ്പുറത്ത് ഡച്ചുകാർ സംരക്ഷണം നൽകിയിരുന്ന കൊടുങ്ങല്ലൂർ, കൊച്ചി രാജാക്കന്മാരെ  ഹൈദരലിക്കു വേണ്ടി വരച്ചവരയിൽ നിർത്തി കാര്യങ്ങൾ സാധിച്ചെടുക്കാൻ ഹൈദ്രോസ് കുട്ടിക്ക് കഴിഞ്ഞിരുന്നു.

മൈസൂർ സൈന്യം മലബാറിൽ ആദ്യമെത്തിയപ്പോൾ തന്നെ  ഒരു നിശ്ചിത സംഖ്യ വർഷം തോറും കപ്പം കൊടുത്തുകൊള്ളാമെന്ന് കീഴടക്കിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഹൈദരലി കരാർ വ്യവസ്ഥ ചെയ്തിരുന്നു. പാലക്കാട് കീഴടക്കാനെത്തിയ സാമൂതിരിയെ തുരത്തി ഓടിച്ചപ്പോഴും യുദ്ധമൊഴിവാക്കാൻ ഹൈദരലിക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. ഇത്തരം കരാറുണ്ടായിരുന്നതിനാൽ രാജാക്കന്മാർക്ക് നിർഭയം അവരുടെ നാട് ഭരിക്കാൻ കഴിഞ്ഞു.  അതോടൊപ്പം ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകാൻ  മൈസൂർ സൈന്യം ബാധ്യസ്ഥരുമായിരുന്നു. മലബാറിൽ  ഏതാണ്ട് എല്ലാ ഭാഗവും അങ്ങനെയായിരുന്നു. അതിൽ ചിറക്കൽ രാജാവ് മാത്രമാണ് ആ കരാർ അംഗീകരിക്കാതിരുന്നത്. അതിനാൽ ആ രാജാവിനെ ഭരണത്തിൽ നിന്ന് പിടിച്ചറിക്കി കണ്ണൂരിലെ ആലി രാജയെ ആ നാട് ഏൽപ്പിച്ചു. പിന്നീട് ചിറക്കൽ രാജക്ക് തന്നെ ആ നാട് തിരികെ നൽകി പുനർവാഴ്ച്ച നടത്തുകയും ചെയ്തു.  ഇത്തരത്തിൽ നാട് ഭരിക്കുന്ന രാജാക്കന്മാരിൽ നിന്ന് അതാത് സമയത്ത് കപ്പം വാങ്ങി ശേഖരിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ പ്രതിനിധികളായ ഗവർണർമാരാണ്.

ഹൈദരലിയുടെ ഗവർണർ ഹൈദ്രോസ് കുട്ടി മൂപ്പരും അദ്ദേഹത്തിൻറെ  ചാവക്കാട്ടെ സൈന്യാധിപൻ ചന്ദ്ര റാവുവും ആയിരുന്നു.   ഹൈദരലിയുടെ മറ്റൊരു ഗവർണ്ണറായ ശ്രീനിവാസ റാവുവിൻറെ സഹോദരനാണ് ചന്ദ്ര റാവു. ഹൈദ്രോസ് കുട്ടിയുടെ കീഴിലുള്ള ചാവക്കാട്ടെ മൈസൂർ സേനയെ  നയിച്ചിരുന്നത് ചന്ദ്ര റാവു ആയിരുന്നു.

ആരാണ് സാമൂതിരി..?

സാമൂതിരി എന്നത് ഒരാളുടെ പേരല്ല. ഫറോവ ഫിർഔൻ, പ്രധാന മന്ത്രി, ചക്രവർത്തി എന്നെല്ലാം പറയുന്നതു പോലെ തെക്കെ മലബാർ (നെടിയിരിപ്പ്) ഭരിച്ചിരുന്ന ഭരണാധിപൻ അറിയപ്പെട്ടിരുന്നത് സാമൂതിരിയെന്നായിരുന്നു. പല അർത്ഥങ്ങളും ഈ പേരിനുണ്ട്. മാനവിക്രമൻ, മാനവേദൻ തുടങ്ങിയവയാണ് മാറിമാറിവന്ന സാമൂതിരിമാരുടെ യഥാർത്ഥ നാമങ്ങൾ. മരുമക്കത്തായമനുസരിച്ച് കുടുംബത്തിലെ മൂത്ത സഹോദരിയുടെ മൂത്ത മകനാണ് ഭരണാധികാരിയായ സാമൂതിരിയാകുന്നത്. പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നും സാമൂതിരിമാർ ഉണ്ടായിട്ടുണ്ട്. ഭരിക്കുന്ന കേന്ദ്രം കോഴിക്കോടായിരുന്നുവെന്നു മാത്രം. ഹൈദ്രോസ് ജനിക്കുന്ന കാലത്ത് സാമൂതിരി ഗുരുവായൂർ സ്വദേശിയായിരുന്നു. 750 വർഷത്തോളമാണ് സാമൂതിരിമാർ നാട് ഭരിച്ചിരുന്നത്. ഇവരിൽ ഏറെപേരും അറബികളുമായും മുസ്ലിംകളുമായും ഏറെ അടുപ്പത്തിലായിരുന്നു. സാമൂതിരിക്ക് വേണ്ടി, അദ്ദേഹത്തിൻറെ വിജയത്തിനുവേണ്ടി ‘തുഹ്ഫത്തുൽ മുജാഹിദ്ദീൻ’ എന്ന ഗ്രന്ഥത്തിൽ ശൈഖ് സൈനുദ്ദീൻ പ്രത്യേകം പ്രാർത്ഥിക്കുന്നതു പോലും കാണാം. എന്നാൽ വാക്കുകൾക്ക് വ്യവസ്ഥയില്ലാത്ത സാമൂതിരിമാരുമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരാളായിരുന്നു ഹൈദരലി സുൽത്താനെ പറഞ്ഞു പറ്റിച്ചത്. കുഞ്ഞാലി മരക്കാരിൽ പ്രാധാനിയെ പോർച്ചുഗീസുകാർ പിടികൂടി വധിക്കാൻ കാരണവും ഒരു സാമൂതിരിയുടെ ചതി പ്രയോഗമായിരുന്നുവെന്നും ഓർക്കുക

✍️ ഖാസിം സെയ്ദ് (തീരദേശ മലബാർ: ചരിത്രവും സമൂഹവും)

ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഹൈദ്രോസ് കുട്ടി മൂപ്പരും തുടരും…..

.

thahani steels

Comments are closed.