ഗുരുവായൂര്‍ : റോഡില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ ലഭിക്കാന്‍ അവസരമൊരുക്കി നഗരസഭയിലെ ശുചീകരണ തൊഴിലാളി മാതൃകയായി. പാലുവായ് സ്വദേശിനി ചാലിശേരി വീട്ടില്‍ അന്നമ്മക്കാണ് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഇവര്‍ ഇത് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരിയെ ഏല്‍പ്പിക്കുകയായിരുന്നു. അന്നമ്മയുടെ സാന്നിദ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ആഭരണം ടെമ്പിള്‍ പോലീസിന് കൈമാറി. ടെമ്പിള്‍ സി.ഐ എന്‍ രാജേഷ്‌കുമാര്‍ ആഭരണം ഏറ്റുവാങ്ങി. തക്കതായ തെളിവുമായി സമീപിക്കുന്നവര്‍ക്ക് ആഭരണം കൈമാറുമെന്ന് സി.ഐ. അറിയിച്ചു. മാതൃകാ പ്രവര്‍ത്തനം കാണിച്ച അന്നമ്മയെ നഗരസഭ അനുമോദിച്ചു. ശുചീകരണ തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി അന്നമ്മയെ പൊന്നാട ചാര്‍ത്തിയാണ് അനുമോദിച്ചത്.