ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവനും മൊബൈല്‍ ഫോണും കവര്‍ന്നു.  ചിന്നക്കല്‍ സിദ്ധീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. മുകള്‍ നിലയിലുള്‍പ്പെടെയുള്ള മുറികളിലെ അലമാരകള്‍ കുത്തി തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. വീടിനകത്തെ മുക്കും മുലയും മോഷ്ടാക്കള്‍ സമയമെടുത്ത് അരിച്ചുപെറുക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസെത്തി അന്വേഷണം നടത്തി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പത്തിലധികം മോഷണങ്ങളാണ് നടന്നിട്ടുള്ളത്.