ഭക്തിസാന്ദ്രമായി ഇടത്തരികത്ത് കാവ് താലപ്പൊലി; ആചാരപ്പെരുമയിൽ ഭഗവതി കാവിറങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം സമർപ്പിക്കുന്ന പ്രസിദ്ധമായ താലപ്പൊലിയുത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിർത്തി ആചാരപ്പെരുമയോടെയാണ് ചടങ്ങുകൾ നടന്നത്.ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനത്തിനും ഉഷഃപൂജയ്ക്കും ശേഷം രാവിലെ 11.30-ഓടെ നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12 മണിയോടെ സർവ്വാഭരണ വിഭൂഷിതയായി ഭഗവതി കാവിറങ്ങിയതോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. ഭക്തർക്കിടയിലേക്ക് എഴുന്നള്ളിയ ഭഗവതിയെ വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.വൈകുന്നേരം മൂന്നരയോടെ ഭക്തർ സമർപ്പിച്ച പറകൾ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളിൽ ആറാടി. നൂറുകണക്കിന് ഭക്തരാണ് ഭക്തിസാന്ദ്രമായ ഈ ചടങ്ങിൽ പങ്കെടുക്കാനും പറ സമർപ്പിക്കാനുമായി ക്ഷേത്രമുറ്റത്തെത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ താലപ്പൊലി സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായി. പരമ്പരാഗതമായ താലപ്പൊലി കാഴ്ചകളും വാദ്യമേളങ്ങളും ഉത്സവത്തിന് മാറ്റ് കൂട്ടി.


Comments are closed.