mehandi new

ഇല്ലം നിറ ഇന്ന് കതിര്‍കറ്റകളെത്തി

fairy tale

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ ഇല്ലം നിറക്കുള്ള കതിര്‍കറ്റകളെത്തി. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുബങ്ങളില്‍ നിന്നുള്ളവരാണ് കറ്റകള്‍ ക്ഷേത്രസന്നിധിയിലെത്തിച്ചത്. ഉച്ചയോടെ കൊണ്ടു വന്ന കറ്റകള്‍ കിഴക്കേനടയില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഭക്തരും രാത്രി വരെ കറ്റകളെത്തിച്ചു കൊണ്ടിരുന്നു. സാധാരണ രീതിയില്‍ കിഴക്കേനടയിലെ കല്യാണമണ്ഡപത്തിലാണ് കറ്റകള്‍ സൂക്ഷിക്കാറ്. കല്യാണ മണ്ഡപങ്ങള്‍ കിഴക്കോട്ട് മാറ്റിയതിനാലാണ് പ്രത്യക മണ്ഡപമൊരുക്കിയത്. കറ്റകള്‍ ഇന്ന് രാവിലെ ആറോടെ അവകാശി കുടുബങ്ങളില്‍ നിന്നുള്ളവര്‍ ശിരസിലേറ്റി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുന്നില്‍ അരിമാവണിഞ്ഞ് നാക്കിലവച്ചതിനു മുകളില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കീഴ്ശാന്തി നമ്പൂതിമാര്‍ തീര്‍ഥം തെളിച്ച് കറ്റകള്‍ ശുദ്ധി വരുത്തും. പിന്നീട് കീഴ്ശാന്തിക്കാര്‍ കറ്റകള്‍ ശിരസിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്‌കാര മണ്ഡപത്തിലെത്തിച്ച് മേല്‍ശാന്തി ലക്ഷ്മി പൂജ നടത്തും. ഒരു കെട്ട് കതിര്‍ക്കറ്റ പട്ടില്‍ പൊതിഞ്ഞ് ഓട്ടുരുളിയിലാക്കി ശ്രീകോവിലിനുള്ളില്‍ നിറയ്ക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാകും.
പൂജിച്ച കതിരുകള്‍ പിന്നീട് ഭക്തര്‍ക്കു പ്രസാദമായി വിതരണം ചെയ്യും. പ്രസാദമായി ലഭിച്ച കതിരുകള്‍ ഭക്തര്‍ വര്‍ഷം മുഴുവനും സ്ഥാപനങ്ങളിലും ഭവനങ്ങളിലും സൂക്ഷിക്കും. ലക്ഷ്മി പൂജ നടത്തി ലഭിക്കുന്ന കതിരുകള്‍ സൂക്ഷിക്കുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനില്‍ക്കുമെന്നാണ് വിശ്വാസം. ഇല്ലം നിറ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ നാലര മുതല്‍ ഒമ്പത് വരെ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വരി സംവിധാനവും ഉണ്ടാകില്ല.

planet fashion

Comments are closed.