തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം – വിഎസ് സുനില്‍ കുമാറിനെതിരെ ടി എൻ പ്രതാപൻ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നൽകി
തൃശൂർ : തൃശൂർ ലോകസഭാ മണ്ഡലം ഇടതു പക്ഷ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടിയാണ് പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടിഎൻ പ്രതാപനാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം. നേരത്തെ നടൻ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് സുനില്‍ കുമാറിനെ വെട്ടിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ തന്‍റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുത് അത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തത വരുത്തിയതോടെ സുനില്‍ കുമാര്‍ ഈ ഫോട്ടോ പിൻവലിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് തൃശൂര്‍ സബ് കളക്ടര്‍ സിപിഐക്ക് നോട്ടീസും നല്‍കിയിരുന്നു. ടൊവീനോയുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും താക്കീത് നല്‍കിയിരുന്നു. ഈ പ്രശ്നത്തിന് പിന്നാലെയാണിപ്പോള്‍ ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ഫോട്ടോ ഉള്‍ക്കൊള്ളിച്ചത് വിവാദമായിരിക്കുന്നത്. മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.
Comments are closed.