പുന്നയൂർ ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
പുന്നയൂർ : പുന്നയൂർ ജി എൽ പി സ്കൂളിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം ജനുവരി 25 ന് ശനിയാഴ്ച്ച വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുമെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ പുന്നയൂർകുളത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച്ച വൈകീട്ട് 3:30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സ്കൂൾ കെട്ടിടം കുരുന്നുകൾക്ക് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണം നടത്തിയിട്ടുള്ളത്.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്, ജില്ല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹിം വീട്ടിപറമ്പിൽ, ചാവക്കാട് ഡി ഇ ഒ റഫീഖ് പി വി, ചാവക്കാട് എ ഇ ഒ ജയശ്രീ പി എം തുടങ്ങീ വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.
രണ്ട് ഘട്ടങ്ങളിലായി 6 ക്ലാസ് മുറികളും ഓഫീസ് സ്റ്റാഫ് റും ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളോടുകൂടി ഇരുന്നില കെട്ടിടമാണ് സ്കൂളിനായി ഒരുക്കുന്നത്. സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി ഇതിനായി അനുവദിച്ചിട്ടുണ്ട്. രണ്ടു കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ഭരണാനുമതി ആയിട്ടുള്ളത്. പഴയ ബിൽഡിംഗ് പൊളിച്ചു നീക്കിയാണ് നിർമാണ പ്രവർത്തനം.
ആദ്യഘട്ടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളും, ഓഫീസ് റൂം, ടോയ്‌ലറ്റ് സംവിധാനം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 2024 ഫെബ്രുവരിയിൽ ആയിരുന്നു നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. തെക്കേ പുന്നയൂർ മഹല്ല് കമ്മിറ്റി സൗജന്യമായി അനുവദിച്ച ഹിദായത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് നിർമാണ കാലയളവിൽ കുട്ടികളുടെ സ്കൂൾ പഠനം നടത്തിയിരുന്നത്.
പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും കൂടിയായ സുഹറ ബക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ വിജയൻ, പിടിഎ പ്രസിഡണ്ട് സുധീർ ഈച്ചിത്തറയിൽ, വൈസ് പ്രസിഡണ്ട് രഘുനന്ദനൻ, പ്രധാന അധ്യാപിക പ്രഭാവതി എം കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.