വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേട് – റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനു നേരെ ഉദ്യോഗസ്ഥന്റെ ഭീഷണി
ഗുരുവായൂര്‍: ജോയിന്റ് ആര്‍.ടി ഓഫിസിന്റെ പരിധിയിലെ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ക്രമക്കേടെന്ന് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍ ടി.ബി.ജയപ്രകാശിനെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ക്രമവിരുദ്ധമായി തത്പരകക്ഷികള്‍ക്ക് മുന്‍ഗണന നല്‍കുന്നതായാണ് പരാതി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകനുനേരെ ഉദ്യോഗസ്ഥന്റെ ഭീഷണിയും അസഭ്യ വര്‍ഷവും ഉണ്ടായത്. വാഹനപരിശോധന വീഡിയോയില്‍ പകര്‍ത്തിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിതനാക്കിയത്. സംസ്ഥാന ഹൈവേയില്‍ ആനത്താവള പരിസരത്ത് നടക്കുന്ന പുതിയ വാഹനങ്ങളുടെ പരിശോധനയാണ് പരാതികള്‍ക്ക് കാരണമായിട്ടുള്ളത്. ഇത് സംബന്ധിച്ച് പാവറട്ടി സ്വദേശി ഹരി ജോയിന്റ് ആര്‍.ടി.ഒക്ക് പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിനെതിരെ ദേശാഭിമാനി ലേഖകന്‍ ജയപ്രകാശ് ജോയിന്റ് ആര്‍.ടി.ഒക്കും എ.സിപിക്കും പരാതി നല്‍കി. ലേഖകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗുരുവായൂര്‍ പ്രസ് ഫോറം പ്രതിഷേധിച്ചു. ജോഫി ചൊവ്വന്നൂര്‍ അധ്യക്ഷത വഹിച്ചു. പി.കെ.രാജേഷ് ബാബു, കെ.മനോജ്, സുബൈര്‍ തിരുവത്ര, ടി.ടി.മുനീഷ്, വേണു എടക്കഴിയൂര്‍, ടി.ജി.ഷൈജു, കെ.കെ.കിഷോര്‍ കുമാര്‍, ലിജിത് തരകന്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.