പുലിയല്ല അത് കോക്കാൻ – നാട്ടുകാരെ പരിഭ്രാന്തരാക്കി പാഞ്ഞു നടക്കുന്നത് കാട്ടു പൂച്ചയെന്ന് വനം വകുപ്പ്
ചാവക്കാട് : ചാവക്കാട് മേഖലയിൽ പുലിയെ കണ്ടതായ വാർത്തകളും അഭ്യൂഹങ്ങളും പറന്നു നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ആഴ്ചകൾക്ക് മുൻപ് അഞ്ചങ്ങാടി ആനന്ദവാടിയിലാണ് നാട്ടുകാരിൽ ചിലർ രാത്രിയിൽ പുലിയെ കണ്ടതായി വാർത്ത വന്നത്. നാട്ടുകാരും പോലീസും ചേർന്ന് അരിച്ചു പെറുക്കിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ചാവക്കാട് ഓവുങ്ങൽ ബസാറിൽ പുലിയെ കണ്ടെന്ന വ്യാജ വാർത്തയും പരന്നിരുന്നു.
കഴിഞ്ഞ ദിവസം വടക്കേക്കാട് കൊമ്പത്തേല്‍പ്പടിയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. രാത്രി 11.15ഓടെ കൊമ്പത്തേല്‍പ്പടി കിഴക്കുഭാഗം കല്ലൂര്‍ മതിലകത്ത് അക്ബറിന്റെ വീടിനു സമീപത്താണ് പുലിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ജീവിയെ കണ്ടത്. നായ്ക്കള്‍ ശക്തമായി കുരക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് വീടിനു മുന്നിലെ തറയില്‍ പുലിയോട് സാദൃശ്യമുള്ള ജീവി നില്ക്കുന്നത് കണ്ടത്. ഭയന്ന് വീടിനകത്തേക്ക് കയറിയ അക്ബറിന്റെ ഭാര്യ സെബീന ബന്ധുക്കളെയും പൊലീസിലും വിവരമറിയിച്ചു. പൊലീസ് എത്തി അന്വേഷിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്നലെ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസര്‍ സ്ഥലത്തെത്തി. വിവരങ്ങൾ ശേഖരിക്കുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കണ്ടത് കാട്ടുപൂച്ചയാണെന്ന് വ്യക്തമാക്കി.
പൂച്ചയെക്കാൾ വലുതും പുലിയെ പോലെ വരകളും പുള്ളികളുമൊക്കെയുള്ള ശരീരമാണ് കോക്കാൻ പൂച്ച എന്ന പേരിൽ മേഖലയിൽ അറിയപ്പെടുന്ന കാട്ടുപൂച്ചയുടേത്. മനുഷ്യരെ ഉപദ്രവിക്കാത്ത കോക്കാൻ പക്ഷെ വളർത്തു കോഴികളെയും വളർത്തു മൃഗങ്ങളെയും ഭക്ഷിക്കും. പണ്ടുകാലങ്ങളിൽ പള്ളിക്കാടുകളായിരുന്നു ഇവരുടെ വാസസ്ഥലം.
.
Comments are closed.