പാവറട്ടിയിൽ കുറുനരി ഭീതി: എട്ടോളം പേർക്ക് കടിയേറ്റു; പശുവിനെയും വളർത്തുനായയെയും ആക്രമിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ മരുതയൂർ, കാളാനി മേഖലകളിൽ കുറുനരിയുടെ ആക്രമണം. എട്ടോളം പേർക്ക് കടിയേറ്റു. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും കുറുനരി ആക്രമിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 11.30 ഓടെയാണ് മരുതയൂർ ഭാഗത്ത് ആദ്യം ആക്രമണമുണ്ടായത്. വഴിനടന്നു പോയവർക്കും വീട്ടുപറമ്പിൽ നിന്നവർക്കുമെല്ലാം നേരെ കുറുനരി പാഞ്ഞടുക്കുകയായിരുന്നു. മരുതയൂർ അമ്പാടി വീട്ടിൽ അനിൽ ഉൾപ്പെടെ നാലുപേർക്ക് ഈ പ്രദേശത്ത് വെച്ച് കടിയേറ്റു. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരു അതിഥി തൊഴിലാളിക്കും രണ്ട് സ്ത്രീകൾക്കുമാണ് ഇവിടെ വെച്ച് പരിക്കേറ്റത്. പ്രദേശത്തെ ഒരു വളർത്തുനായയെയും കുറുനരി കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്.
തുടർന്ന് കാളാനി ഭാഗത്തേക്ക് നീങ്ങിയ കുറുനരി അവിടെയും നാലുപേരെ ആക്രമിച്ചു. പ്രദേശത്തെ ഒരു പശുവിന്റെ അകിട് കുറുനരി കടിച്ചുപൊളിച്ചു. പരിക്കേറ്റ പശുവിന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്.
പകൽസമയത്ത് ജനവാസ മേഖലയിലിറങ്ങി കുറുനരി തുടരെത്തുടരെ ആളുകളെ ആക്രമിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

Comments are closed.