വൈദ്യുതി അപകടങ്ങളിൽ നിന്നും സുരക്ഷ – ശാസ്ത്രസാങ്കേതിക പരീക്ഷണങ്ങളിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കടപ്പുറം ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾ

കടപ്പുറം : വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ യാഥാർഥ്യമാക്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും സംയുക്തമായി നടപ്പിലാക്കുന്ന യങ് ഇന്നോവോറ്റഴ്‌സ് പ്രോഗ്രാം 7.0 യിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കടപ്പുറം ഗവൺമെന്റ് വി എച്ച് എസ് എസിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ. വൈദ്യുത മേഖലയിലെ ജീവനക്കാർക്ക് ധരിക്കാവുന്ന സുരക്ഷാ സംവിധാനം നിർമിച്ചാണ് രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥികളായ എ എസ് റിഫാനും പി ബി ഷബാനയുമാണ് ജില്ലാതലത്തിൽ വിജയികളായി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.

ഒന്നാംവർഷ ഇലക്ട്രിക്കൽ പഠനത്തോടൊപ്പം അധ്യാപകനായ യദുകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നവംബർ മാസത്തിൽ അവതരിപ്പിച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. കെഎസ്ഇബി ജീവനക്കാർക്ക് ധരിക്കാവുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനം നിർമ്മിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ. ജീവനക്കാർ ധരിക്കുന്ന അവരുടെ ഡിവൈസുകളിൽ തന്നെ വൈദ്യുതിയുടെ സാനിധ്യം തിരിച്ചറിയുന്ന തരത്തിലുള്ള സെൻസറുകൾ ഘടിപ്പിച്ച് ജോലിക്ക് പോകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുന്ന സംവിധാനത്തിനാണു വിദ്യാർത്ഥികൾ രൂപം നൽകിയിട്ടുള്ളത്. പൊതുജനത്തിന് വിവരങ്ങൾ അറിയിക്കുവാനുള്ള ആപ്പും ഇതിനോടൊപ്പം സംവിധാനിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലാ തലത്തിൽ നടത്തിയ മൂല്യനിർണയത്തിൽ തെരഞ്ഞെടുത്ത മികച്ച 12 ടീമുകളിൽ ചാവക്കാട് ഉപജില്ലയിലെ ഏക വിദ്യാലയമാണ് കടപ്പുറത്തെ ഗവൺമെന്റ് വി എച്ച് എസ് എസ്.
ഈ മിടുക്കർക്ക് 25000 രൂപ സമ്മാനത്തുകയായി ലഭിക്കും. ഓഗസ്റ്റ് മാസത്തിലെ സംസ്ഥാനതല മൂല്യനിർണ്ണയത്തിനായുള്ള പരിശീലനത്തിലാണ് വിദ്യാർത്ഥികൾ. ശാസ്ത്രസാങ്കേതിക പരീക്ഷണങ്ങൾക്ക് വരുന്ന സാമ്പത്തിക ചിലവ് കണ്ടെത്താനാവാത്തതാണ് ഈ മേഖലയിൽ വിദ്യാർത്ഥികൾക്കുള്ള പ്രധാന തടസ്സമെന്ന് അദ്ധ്യാപകൻ പറഞ്ഞു.

Comments are closed.