കളരിപയറ്റ് ആചാര്യൻ സി.ശങ്കരനാരായണ മേനോന്‍ അനുസ്മരണവും ദാരുശില്പം അനാച്ഛാദനവും വെള്ളിയാഴ്ച – രാവിലെ പത്തുമണി മുതൽ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് വല്ലഭട്ട കളരി അങ്കണത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണയോഗം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഉണ്ണിഗുരുക്കളുടെ പത്‌നി സൗദാമിനി അമ്മ ഭദ്രദീപം തെളിയിക്കും. നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അധ്യക്ഷയാവും.

ചടങ്ങില്‍ ഉണ്ണിഗുരുക്കളുടെ പൂര്‍ണ്ണകായ ദാരുശില്പം അനാച്ഛാദനവും മുഖ്യ അനുസ്മരണ പ്രഭാഷണവും കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി നിര്‍വ്വഹിക്കും. ഉണ്ണി ഗുരുക്കളുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കളരി അങ്കണത്തില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗുരുവായൂര്‍ അവധൂത് ആയുര്‍മഠത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ നയിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും ഉണ്ടാവും. വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. പ്രമീള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചാവക്കാട് വല്ലഭട്ട കളരിയിലെ ഗുരുനാഥനായിരുന്ന ഉണ്ണിഗുരുക്കളെ 2022-ലാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. കെ.പി.കൃഷ്ണദാസ്, കെ.പി.രാജീവ്, കെ.പി. ദിനേശന്‍, ലിനേഷ് പി. വേണുഗോപാല്‍, കെ.കെ. കൃഷ്ണപ്രതാപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.