കേരള യാത്രക്ക് ചാവക്കാട് പ്രൗഢോജ്ജ്വല സ്വീകരണം – സംസ്കാരത്തിൽ കേരളം മികച്ച മാതൃകയാവണം: കാന്തപുരം

ചാവക്കാട്: മനുഷ്യൻ്റെ ജീവിതരീതിയും മൂല്യങ്ങളും ഈ ലോകത്തിനൊന്നാകെ വെളിച്ചമാകുമ്പോഴാണ് അയാൾ സംസ്കാര സമ്പന്നനാകുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന സാക്ഷരതയും മനുഷ്യാവകാശ അവബോധവും പറഞ്ഞ് അഭിമാനിക്കുന്ന നമ്മൾ മലയാളികൾ സാംസ്കാരികതയിൽ ഏറെ പിന്നാക്കം പോയിരിക്കുന്നു. വിദ്യാഭ്യാസമാണ് മനുഷ്യനെ സംസ്കാര സമ്പന്നനാക്കുന്നത്. എന്നാൽ വിദ്യാഭ്യാസമുള്ള പലരിലുമാണ് ഇന്ന് മൂല്യച്യുതി കൂടുതലായി കാണുന്നത്. ഇവരുടെ അജണ്ടയിൽ മനുഷ്യരുടെ വേദനയും വേവലാതിയും വരുന്നില്ല. നമ്മുടെ ആദ്യ പരിഗണനയിൽ നിന്ന് മനുഷ്യൻ എന്ന പ്രമേയം നഷ്ടപ്പെട്ടു പോയാൽ സംസ്കാരികമായി ജീർണതപ്പെട്ടുവെന്ന് വിലയിരുത്തി വീണ്ടുവിചാരത്തിന് മുതിരണമെന്നും കാന്തപുരം ഓർമിപ്പിച്ചു. സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുന്ന ഒന്നിനും കൂട്ടുനിൽക്കരുത്. എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്ന മികച്ച മാതൃകയായി രാജ്യത്ത് കേരളം മുന്നേറണം – കാന്തപുരം കൂട്ടിച്ചേർത്തു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. താഴപ്ര മുഹ് യിദ്ധീൻ കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. യാത്രാ നായകൻമാരായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി.
കേരളയാത്രയെ പത്താം ദിവസം തൃശൂർ ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ സയ്യിദ് ഫസൽ തങ്ങളുടെയും താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാരുടെയും നേതൃത്വത്തിൽ ഉപഹാരം നൽകി സ്വീകരിച്ചു. തൃശൂരിൽ സ്നേഹവിരുന്നും ചാവക്കാട് നഗരത്തിൽ റാലിയും സെൻ്റിനറി ഗാർഡ് പരേഡും നടന്നു.
എ സി മൊയ്തീൻ എം എൽ എ, പി ബാല ചന്ദ്രൻ എം എൽ എ, മുരളി പെരുനെല്ലി എം എൽ എ, പി എസ് കെ മൊയ്തു ബാഖവി, ടി എൻ പ്രതാപൻ, കെ വി അബ്ദുൽ ഖാദർ, സി എച്ച് റഷീദ് എന്നിവർ സംസാരിച്ചു. സയ്യിദ് ഫസൽ തങ്ങൾ സ്വാഗതവും അഡ്വ. പി യു അലി നന്ദിയും പറഞ്ഞു. കേരളയാത്രക്ക് ജനുവരി 11ന് എറണാകുളം മറൈൻ ഡ്രൈവ്, 12ന് തൊടുപുഴ, 13ന് കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണിക്ക് കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.

Comments are closed.