കോട്ടപ്പടി സെന്റര്‍ ചീഞ്ഞു നാറുന്നു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
ഗുരുവായൂര്‍: കോട്ടപ്പടി സെന്റര്‍ മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു. ഗുരുവായൂര്‍ റോഡിനും തമ്പുരാന്‍പടി റോഡിനും ഇടയിലായി കിടക്കുന്ന ഒരേക്കറോളം വരുന്ന പ്രദേശത്ത് മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതാണ് കോട്ടപ്പടി സെന്ററിന്റെ ദുരവസ്ഥക്ക് കാരണമായിട്ടുള്ളത്. മിലന്‍ ഓഡിറ്റോറിയത്തിന് കിഴക്കു ഭാഗത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ നിന്നും അതിനു സമീപത്തുള്ള മത്സ്യക്കടയില്‍ നിന്നുമുള്ള ഖര-ദ്രവ മാലിന്യങ്ങളെല്ലാം ഒഴുക്കുന്നത് ഈ ഭാഗത്തേക്കാണ്. മാത്രമല്ല കോട്ടപ്പടി സെന്ററിലെ ഭൂരിഭാഗം കച്ചവടക്കാരും മാലിന്യ നിക്ഷേപത്തിനായി ഉപയോഗിക്കുന്നത് ഈ സ്ഥലമാണ്. ദുര്‍ഗന്ധം കൊണ്ട് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിനടുത്തുള്ള മത്സ്യ-കോഴി കടകളുടെ പരിസരവും വൃത്തിഹീനമാണ്. ഇവിടെ നിന്ന് വാങ്ങുന്ന മത്സ്യവും കോഴിയുമെല്ലാം രോഗം പരത്താന്‍ ഇടയാക്കുമെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. മത്സ്യക്കടയില്‍ നിന്നും ഇറച്ചിക്കടയില്‍ നിന്നും രക്തം നിറഞ്ഞ ദ്രാവകം ഈ പ്രദേശത്തേക്ക് ഒഴുക്കുന്നതിനാല്‍ നായ്ക്കള്‍ ഈ പ്രദേശത്ത് വിഹരിക്കുകയാണ്. അടുത്ത ദിവസം വിവാഹത്തില്‍ നിന്ന് ഭക്ഷണം കഴിച്ച അറുപതോളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായതും അതില്‍ ഒരു യുവതി മരണപ്പെട്ടതും ഈ പ്രദേശത്തെ ആളുകളില്‍ കൂടുതല്‍ ഭീതി വളര്‍ത്തിയിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പരിശോധിക്കാത്തതും നടപടി സ്വീകരിക്കാത്തതും വ്യാപകമായ എതിര്‍പ്പ് നാട്ടുകാരില്‍ ഉളവാക്കിയിട്ടുണ്ട്.
Comments are closed.