കെ എസ് ആർ ടി സി ബസ്സ് ഓവുപാലം ചാടി അപകടം – യാത്രക്കാർക്ക് പരിക്കേറ്റു


ചാവക്കാട് : മാനന്തവാടിയിൽ നിന്നും പറവൂരിലേക്ക് 31 യാത്രക്കാരുമായി പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ഓവുപാലം ചാടി അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് രാത്രി പത്തുമണിയോടെ മുതുവട്ടൂരാണ് അപകടം സംഭവിച്ചത്. ചാവക്കാട് കുന്നംകുളം റോഡിൽ മുതുവട്ടൂർ ലൈബ്രറിക്ക് സമീപം അപകടകരമായ രീതിയിൽ പണിത ഉയർന്നു നിൽക്കുന്ന കൽവർട്ടിൽ കയറിയാണ് അപകടം. വേഗതയിൽ വന്ന ബസ്സ് റോഡിൽ വലിയ ഹമ്പ് കണക്കെ ഉയർന്നു നിൽക്കുന്ന ഓവുപാലത്തിന്റെ സ്ലാബിൽ കയറിയതോടെ ബസ്സ് കുതിച്ചു പൊങ്ങി താഴെ വീണു. ഇതോടെ ബസ്സിലെ പകുതിയോളം യാത്രക്കാർ സീറ്റിൽ നിന്നും തെറിച്ചു വീണു.
കാൽ മുട്ടിൽ പരിക്കേറ്റ ബ്ലാങ്ങാട് ബീച്ച് സ്വദേശി കുറുപ്പത്തു വലിയപറമ്പിൽ ഷഫ്നാസ് (27), നട്ടെല്ലിന് ക്ഷതമേറ്റ തിരുവത്ര കോന്തേടത്ത് വീട്ടിൽ കോട്ടപ്പുറം സ്വദേശി ബാലകൃഷ്ണൻ (51), വയനാട് സ്വദേശി ബസ്സ് ഡ്രൈവർ മഞ്ഞിൽ കുഴിയിൽ അനിൽ കുമാർ (51) എന്നിവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളോ റോഡിൽ അടയാള പ്പെടുത്തലുകളോ ഇല്ലാത്തതിനാൽ ഈ റൂട്ട് പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇവിടെ അപകടം പതിയിരിക്കുന്നത് അറിയാൻ കഴിയില്ല.

Comments are closed.