മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങാതെ ചാവക്കാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ

ചാവക്കാട് : കനോലി കനാലിൻ്റെയും കോൾ പാടങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കാണ് മഴ വെള്ളമിറങ്ങാത്തത് ദുരിതമാകുന്നത്. ചാവക്കാട് മണത്തല, വഞ്ചിക്കടവ് മേഖലയിലെ വീടുകളും പുന്നയൂർക്കുളം, ഉപ്പുങ്ങൽ, വടക്കേക്കാട് കപ്ലേങ്ങാട് ഭാഗങ്ങളിലെ റോഡുകളും വെള്ളക്കെട്ടിലാണ്. കപ്ലേങ്ങാട് ക്ഷേത്രത്തിനു സമീപം മന്ദലാംകുന്ന് കൊച്ചന്നൂർ റോഡിൽ 300 മീറ്ററിലേറെ ദൂരത്തിൽ വെള്ളക്കെട്ടാണ്. ഈ വഴി വാഹനങ്ങൾക്ക് സഞ്ചരിക്കാനാവത്ത വിധം വെളളം ഉയർന്ന നിൽക്കുകയാണ്. പാടശേഖരത്തോട് ചേർന്ന ഭാഗമാണിത്. ഇതേ റോഡിൽ കുഴിങ്ങര ഭാഗത്തും വെള്ളക്കെട്ടാണ്. പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ കുണ്ടനിയിൽ വെള്ളക്കെട്ടു കാരണം മേഖലയിലെ വീട്ടുകാർക്കായി രാമരാജ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരിക്കയാണ്. 56 പേരാണ് ഈ ക്യാമ്പിലുള്ളത്. നിയോജക മണ്ഡലത്തിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ള ക്യാമ്പാണിത്. കനാേലിലെ കനാലിലെ വെള്ളം നിറഞ്ഞു കവിഞ്ഞതിനാലാണ് ചാവക്കാട് വഞ്ചിക്കടവിലെ തീരവാസികൾ വെള്ളക്കെട്ടിലായത്. ഇവിടെയുള്ളവർ മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. മിക്കവിട്ടുകാരും ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നതിനാൽ 15 പേരാണ് ക്യാമ്പിലുള്ളത്.

Comments are closed.