മാജിക്കൽ മാൻഗ്രൂവ് കാംപയിൻ – കണ്ടലുകൾക്കായി കണ്ടൽക്കൂട്ടായമ
ഗുരുവായൂർ : മാജിക്കൽ മാൻഗ്രൂവ് കാംപയിന്റെ ഭാഗമായി കണ്ടൽക്കൂട്ടായമ സംഘടിപ്പിച്ചു. സംസ്ഥാന വനം – വന്യജീവി വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ബി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.
WWF ( World Wide Fund for Nature) – ഇന്ത്യയും ഗോദ്റേജ് ആന്റ് ബോയ്സും സംയുക്തമായി കേരളമുൾപ്പെടെയുള്ള ഒൻപത് തീരദേശസംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകളെ കുറിച്ച് ബോധവൽകരണം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് മാജിക്കൽ മാൻഗ്രൂവ് കാംപയിൻ. ഈ കാംപയിൻ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.
തൃശ്ശൂർ ജില്ലയിൽ കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്‍റെ ഏറ്റവും പുതിയ നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കണ്ടൽക്കാട് സംരക്ഷണത്തിനു വേണ്ടി വനം വകുപ്പിന്‍റെ എല്ലാ വിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി വിവിധ തരത്തിലുള്ള ഓൺലൈൻ പരിപാടികളിലൂടെ നടത്തിവന്നിരുന്ന ഈ പരിപാടി വിവിധ തരത്തിലുള്ള നേരിട്ടുള്ള പരിപാടികളിലൂടെയും ഈ വർഷം കേരളത്തിൽ നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ തുടക്കമായി ‘കണ്ടൽക്കൂട്ടായ്മ’ എന്ന പേരിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പരിപാടിയുടെ വോളണ്ടിയർമാർ ഒത്തുചേർന്ന് തുടർപരിപാടികൾക്കുള്ള ചർച്ചകളും കണ്ടൽക്കാട് സന്ദർശനവും തീരയാത്രയും നടത്തുന്നുണ്ട്.
മാജിക്കൽ മാൻഗ്രൂവ് കാംപയിനെക്കുറിച്ച് WWF ഇന്ത്യയുടെ സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു വർഗ്ഗീസ് വിശദീകരിച്ചു. എ.കെ. ശിവകുമാർ, അനുശ്രീധ, എൻ.ജെ.ജെയിംസ്, റാഫി നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ മാജിക്കൽ മാൻഗ്രൂവ് കാംപയിനിന്‍റെ പോസ്റ്ററും കണ്ടൽച്ചെടികളുടെ ഹെർബേറിയം തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ഒരു കൈപ്പുസ്തകവും പ്രകാശനം ചെയ്തു. റാഫി നീലങ്കാവിൽ ചിത്രീകരിച്ച ‘’മേരിമോളുടെ കണ്ടൽജീവിതം’’ എന്ന ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ടലുകളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ രമിത് മേലേടത്ത് പഠനാനുഭവങ്ങൾ പങ്കുവെച്ചു.
തുടർന്ന് ഈ കാംപയിൻ ഏറ്റവും കാര്യക്ഷമമായി നടത്തുന്നതിനുള്ള ഒരു പ്രവർത്തന പരിപാടിക്ക് രൂപം നൽകുകയും ചെയ്തു.
Comments are closed.