വിശ്വാസവും മനക്കരുത്തും ജീവിതത്തിന്റെ ഭാഗമാക്കുക – ആസിം വെളിമണ്ണ
തെക്കൻ പാലയൂർ : വിശ്വാസവും മനക്കരുത്തും ജീവിതത്തിന്റെ ഭാഗമാക്കിയാൽ ജീവിതം മനോഹമായി മുന്നോട്ട് പോവുമെന്ന് ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് ഹാഫിള് മുഹമ്മദ് ആസിം വെളിമണ്ണ. ബദ്രിയ്യ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫും, പെയിൻ & പാലിയേറ്റീവ് കെയറിന് തുടക്കം കുറിക്കലും, ലഹരി ബോധവൽക്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യർക്കും വ്യത്യസ്ഥമായ വലിയ അനുഗ്രഹങ്ങളാണ് പടച്ച റബ്ബ് നൽകിയിട്ടുഉള്ളത്. റബ്ബ് തന്ന അനുഗ്രഹത്തെ നന്ദിയോടെ സ്മരിച്ചു കൊണ്ട് ജീവിതത്തിൽ നല്ലത് മാത്രം ചെയ്തുകൊണ്ട് മുന്നോട്ട് പോവുക എന്നും ഭിന്നശേഷി വിഭാഗത്തിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ആസിം പറഞ്ഞു.
ജന്മന രണ്ടു കൈകളില്ലാത്ത വലതുകാലിന് ബലക്ഷയവുമുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിം വെളിമണ്ണ (17) നല്ലൊരു മോട്ടിവേഷൻ സ്പീക്കറാണ്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആസിമിന് അവസരം ലഭിച്ചിരുന്നു. പഠിച്ച സ്കൂളിൽ യു.പി ക്ലാസുകൾ തുടങ്ങുന്നതിനുവേണ്ടി കാലുകൾ കൊണ്ട് സർക്കാറിന് കത്തെഴുതി അംഗീകാരം നേടിയെടുത്തിട്ടുണ്ട് ഈ മിടുക്കൻ. ആലുവ പെരിയാർ നീന്തിക്കടന്നു ഞെട്ടിച്ച ആസിം 2021ൽ നെതർലൻഡ്സിൽ കുട്ടികളുടെ നൊബേൽ സമ്മാനവേദിയിൽ മൂന്നാംസ്ഥാനക്കാരനായി. നീന്തലിലൂടെ തന്നെയാണ് മെസിയുടെയും എംബാപ്പെയുടെയും അരികിലും ആസിം സ്ഥാനംപിടിച്ചത്.
ബദ്രിയ്യ ജുമാ മസ്ജിദ് പ്രസിഡന്റ് ഇക്ബാൽ കളിയത്ത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ സബ് ഇൻസ്പെക്ടർ പ്രീത ബാബു ലഹരിബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാട് മുന്നോട്ടു പോവുന്നതെന്നും ലഹരിയെന്ന മഹാ വിപത്തിനെ തുരത്താൻ ഒറ്റകെട്ടായി പ്രവത്തിക്കണമെന്നും പ്രീത ബാബു പറഞ്ഞു. ബദ്രിയ്യ കമ്മിറ്റിയുടെ മഹത്തായ ഈ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മറ്റു മഹല്ല് കമ്മിറ്റികളും ഇത് ഏറ്റെടുക്കണമെന്നും എസ് ഐ പറഞ്ഞു. സി ജി ട്രെയിനർ എ പി നിസാം ക്ലാസ്സ് നിയന്ത്രിച്ചു.
വിവിധ പെയിൻ & പാലിയേറ്റീവ് കെയർ പ്രതിനിധികളായ എൻ പി അബൂബക്കർ (പ്രസിഡന്റ് സാന്ത്വന സ്പർശം ), ജമാൽ താമരത്ത് ( കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ്), ഷാഫി സഖാഫി(എസ് വൈ എസ് സ്വാന്തനം), സിറാജ് തെന്നൽ (എസ് കെ എസ് എസ് എഫ് സഹചാരി ) എന്നിവർ സംസാരിച്ചു.
ചാവക്കാട് മഹല്ല് പ്രസിഡന്റ് റഹ്മാൻ കാളിയത്ത്, ജനറൽ സെക്രട്ടറി നൗഷാദ് അഹമു, ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് തെക്കും പുറം, ആർ യൂനുസ്, കമ്മിറ്റി ഭാരവാഹികളായ പി വി അബ്ദുറഹ്മാൻ, എൻ എ ഖാലിദ്, പി കെ കമറുദ്ധീൻ, കെ എസ് അൻസിൽ, യൂസഫലി പി കെ എന്നിവർ ആശംസകൾ അറിയിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എ കെ ഹനീഫ സ്വാഗതവും ട്രഷറർ കെ എം അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Comments are closed.