ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 230-ാമത് ആണ്ട് നേര്‍ച്ചക്ക് ഇന്ന് കൊടിയേറി. മകരം പതിനാല്, പതിനഞ്ച് (ജനുവരി 28, 29) തിയതികളിലാണ് മണത്തല നേര്‍ച്ച. പ്രധാന ചടങ്ങുകള്‍ മകരം 15 ജനുവരി 29 നാണ് നടക്കുക. സാമൂതിരിയുടെ പടനായകനായിരുന്ന ഹൈദ്രോസ് കുട്ടി മൂപ്പന്‍ നാടിന് വേണ്ടി പടപൊരുതി വീരമൃത്യു വരിച്ചതിന്റെ ഓര്‍മ്മപുതുക്കലായാണ് നേര്ച്ച ആഘോഷിക്കുന്നത്.
കൊടിയേറ്റത്തിന് മുന്നോടിയായി ജാറത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മുദരിസ് ജാബിരി യമാനി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മണത്തല ജുമാഅത്ത് കമ്മറ്റി സെക്രട്ടറി വി.ടി.മുഹമ്മദാലി ഹാജി പള്ളി പരിസരത്ത് തയ്യാറാക്കിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. കൊടിയേറ്റത്തിന് ശേഷം ചക്കരകഞ്ഞി, പഴം എന്നിവയുടെ വിതരണവും നടന്നു.
ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡന്റുമാരായ കൊട്ടാരത്തില്‍ അബ്ദുള്‍ കരീം, ടി.പി.കുഞ്ഞുമുഹമ്മദ്, ജോ.സെക്രട്ടറിമാരായ എ.വി.അഷ്‌റഫ്, എ.എം.കബീര്‍, ട്രഷറര്‍ പി.വി.അബ്ദു ഹാജി എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.
കൊടിയേറ്റം കഴിഞ്ഞതോടെ മണത്തല നേര്‍ച്ചയുടെ വിളംബരമറിയിച്ചുള്ള മുട്ടുംവിളി ജാറം അങ്കണത്തില്‍ നിന്നും പുറപ്പെട്ടു. ഇനി പതിനഞ്ചു നാള്‍ മുട്ടുംവിളി സംഘം ചാവക്കാട് മേഖലയിലെ വീഥികളില്‍ നേര്‍ച്ചയെ വരവേല്‍ക്കാന്‍ മുട്ടി വിളിക്കും.
വൈകീട്ട് നേര്‍ച്ചയുടെ പ്രധാന ചടങ്ങായ താബുത്ത് കാഴ്ചക്കായി അലങ്കരിച്ചൊരുക്കാന്‍ താബൂത്ത് തെക്കഞ്ചേരിയിലേക്ക് ആഘോഷമായി കൊണ്ടുപോയി. രിഫായി കമ്മറ്റിയാണ് താബൂത്ത് അലങ്കരിക്കുക. അലങ്കരിച്ച താബൂത്ത് നേര്‍ച്ചയുടെ പ്രധാന ദിവസമായ 29ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ താബൂത്ത് കാഴ്ചയായി പള്ളിയിലേക്ക് കൊണ്ടുവരും.