ചാവക്കാട്:  230-ാമത് മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. തിങ്കളാഴ്ച രാവിലെ തെക്കഞ്ചേരിയില്‍ നിന്നാരംഭിച്ച രിഫായ് കമ്മറ്റിയുടെ താബൂത്ത് കാഴ്ച ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ  രാജോചിത ബഹുമതികളോടെ നടന്ന ഖബറടക്കയാത്രയുടെ സ്മരണ പുതുക്കുന്ന താബുത്ത് കാഴ്ചയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മുട്ടുംവിളി, അറവനമുട്ട്, ബാന്‍ഡ്‌മേളം തുടങ്ങിയവയുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ എത്തിയ താബൂത്ത് കാഴ്ച ഉച്ചക്ക് 12ന് പള്ളിയങ്കണത്തിലെത്തി. 15 മിനിറ്റിന് ശേഷം കൊടികയറ്റ കാഴ്ചകളെത്തി. ചാവക്കാട്, സിദ്ധിഖ് പള്ളി,തിരുവത്ര ബദര്‍പള്ളി എന്നിവിടങ്ങളില്‍ നിന്നും ആനപ്പുറത്ത് കൊണ്ടുവന്ന കൊടികള്‍ താണിയിലും മറ്റും കയറ്റിയതോടെ  കൊടികയറ്റകാഴ്ചക്ക് സമാപനമായി. തുടര്‍ന്ന് പള്ളിയങ്കണത്തിലെ താണി മരങ്ങളില്‍ ഹൈന്ദവകുടുംബാംഗങ്ങള്‍ പാലും മുട്ടയും സമര്‍പ്പിക്കുന്ന ചടങ്ങ് നടന്നു. വിശ്വാസികള്‍ വീടുകളില്‍ നിന്നും കൊണ്ടുവന്ന ചന്ദനകുടങ്ങളിലെ ചക്കരവെള്ളം വിതരണവും അന്നദാനവും ഉണ്ടായി. ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ബീച്ച്,തിരുവത്ര ബദര്‍പള്ളി  എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച് നാട്ടുകാഴ്ചകള്‍ ആറുമണിയോടെ പള്ളിക്ക് അഭിമുഖമായി  നിന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് മണത്തല ഹുറികേന്‍സ്, ചാവക്കാട് സ്പാര്‍ക്ക്, ജനമൈത്രി കാഴ്ച,വിസ്മയ കാഴ്ച, മഹാകാഴ്ച, ടൈറ്റന്‍സ് പുഞ്ചന്‍പാടം, റോഡീസ് ഓള്‍ഡ് ബ്രിഡ്ജ്, തനിമ, മിറാക്കിള്‍സ്, 555 ഫെസ്റ്റ്, ബ്ലാങ്ങാട് മഹാത്മ ഫെസ്റ്റ്, മതസൗഹാര്‍ദ കാഴ്ച, എച്ച്.എം.സി.ബ്ലാങ്ങാട് എന്നീ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തി സമാപിച്ചു. വിവിധ കരകളില്‍ നിന്നുള്ള കാഴ്ചകള്‍ ചൊവ്വാഴ്്ച പുലര്‍ച്ചെ അഞ്ചോടെ പള്ളിയങ്കണത്തിലെത്തിയതോടെ രണ്ട് ദിവസം നീണ്ട നേര്‍ച്ചക്ക് സമാപനമായി. മണത്തല ജുമാമസ്ജിദ് ഭാരവാഹികളായ ഹിമാമുദീന്‍ റംജുസേട്ട്, വി.ടി. മുഹമ്മദലി ഹാജി, കെ.അബ്ദുല്‍ഗനി, ടി.പി.കുഞ്ഞുമുഹമ്മദ്, എ.എം.കബീര്‍, പി.വി.അബ്ദു ഹാജി എന്നിവര്‍ നേര്‍ച്ചക്ക് നേതൃത്വം നല്‍കി. ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് വന്‍ സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയിരുന്നു.