ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് ഇനി ഉടന്‍ സര്‍ട്ടിഫിക്കറ്റ് – ക്ഷേത്രത്തിനടുത്ത് വിവാഹ രജിസ്ട്രേഷന്‍ കേന്ദ്രം തുറന്ന് നഗരസഭ
ഗുരുവായൂർ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്ത് തന്നെ വിവാഹം കഴിഞ്ഞാലുടൻ വിവാഹ രജിസ്‌ട്രേഷൻ നടത്തുവാൻ സൗകര്യമൊരുക്കി ഗുരുവായൂർ നഗരസഭയും ദേവസ്വവും. ഗുരുവായൂർ ക്ഷേത്രപരിസരത്ത് പുതിയ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അവധി ദിവസങ്ങളിലടക്കം രാവിലെ 6 മുതൽ പകൽ രണ്ടുവരെയാണ് കേന്ദ്രം പ്രവർത്തിക്കുക. നഗരസഭാ രജിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് പുറമെ ഡാറ്റാ എൻട്രി പ്രവർത്തികൾക്കായി കുടുംബശ്രി പ്രവര്‍ത്തകരുടേയും സേവനം ഇവിടെ ഉറപ്പവരുത്തിയിട്ടുണ്ട്. നഗരസഭ തനത് ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് വിവാഹ രജിസ്ട്രേഷൻ കേന്ദ്രം സജ്ജീകരിച്ചത്. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വധൂവരൻമാർക്ക് വിവാഹം കഴിയുന്ന ദിവസം തന്നെ രജിസ്ട്രേഷൻ നടത്താൻ ഇത് ഏറെ സഹായകരമാകും.
ദേവസ്വം വൈജയന്തി കെട്ടിടത്തിൽ രജിസ്ട്രേഷന്‍ കേന്ദ്രം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ അനീഷ്മ ഷനോജ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എ എസ് മനോജ്, എ സായിനാഥൻ, ഷൈലജ സുധൻ, ബിന്ദു അജിത്ത്കുമാര്‍, എ എം ഷഫീർ, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവര്‍ സംസാരിച്ചു.
Comments are closed.