ചാവക്കാട് : പ്രവാസികളുടെയും ചാകരയുടെയും കാൽപ്പന്തുകളിയുടെയും നാടായ ചാവക്കാടിന് മാറ്റേകി മെയ്ക്കരുത്തിന്റെ സ്വർണ്ണം. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് ചാവക്കാട്ടുകാരനായ ഇബ്രാഹിം ചാലിയത്ത് സ്വർണ്ണമണിഞ്ഞത്. ലോക ഷോട്ടോകാൻ ഫെഡറേഷൻ ഇക്കഴിഞ്ഞ ആഗസ്റ്റ് 14 മുതൽ 19 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലും ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽ നിന്ന് പങ്കെടുത്ത 11 അംഗ സംഘത്തിന്റെ ക്യാപ്ടൻ കൂടിയായിരുന്നു ഇബ്രാഹിം. കേരളത്തെ കൂടാതെ തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്റു താരങ്ങൾ. 70 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലേറെ കരാട്ടെ താരങ്ങൾ പങ്കെടുത്ത ടോക്കിയോ ചാമ്പ്യൻഷിപ്പിൽ 50 വയസിന് മുകളിലുള്ളവരുടെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിലായിരുന്നു 52 കാരനായ ഇന്ത്യൻ ക്യാപ്ടന്റെ മെഡൽ നേട്ടം. ചാവക്കാട് ബേബിറോഡ് മണത്തല സ്വദേശിയായ ഇബ്രാഹിം 1982 മുതൽ കരാട്ടെ അഭ്യസിക്കുന്നു. 1989ൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. 2011ൽ ജപ്പാനിൽ നിന്നും ആറാം ബ്ലാക്ക് ബെൽറ്റ് നേട്ടം, പിന്നീട് കരാട്ടെ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ഏഴാമത് ബ്ലാക്ക് ബെൽറ്റ് കൂടി ഇബ്രാഹിം അണിഞ്ഞു.
17-ാം വയസിൽ ബ്രൂസ്ലി സിനിമകൾ കണ്ടതുമുതൽക്കാണ് കരാട്ടെ പ്രേമം തലയിലേറിയതെന്ന് ഇബ്രാഹിം പറയുന്നു. 16 താരങ്ങൾ മാറ്റുരച്ച മാസ്റ്റേഴ്‌സ് വിഭാഗത്തിൽ റഷ്യയുടെ ജോർജ്ജ് സെബാസ്റ്റിയനെ പരാജയപ്പെടുത്തിയാണ് സ്വർണ്ണം അണിഞ്ഞത്. 15 വർഷമായി യു.എ.ഇ ആസ്ഥാനമാക്കി സർക്കാർ അംഗീകൃത കരാട്ടെ പരിശീലനം നൽകുന്ന ഇബ്രാഹിമിന് ദുബായ്, അബുദാബി എന്നിവിടങ്ങളിലും കളരികളുണ്ട്.
കൂടാതെ, ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ഒഫ് ഇന്ത്യ, യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ചീഫ് റെപ്രസെസന്റേറ്റീവായും പ്രവർത്തിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, തുർക്കി, ഇറാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പുകളിലും ഇബ്രാഹിം ചാലിയത്ത് ഇന്ത്യൻ ക്യാപ്ടനായിട്ടുണ്ട്.
18 വയസായ മൂത്ത മകൻ ഇമ്രാൻ ഖാൻ ടോക്കിയോക്ക് പോയ ഇന്ത്യൻ കരാട്ടെ ടീമിൽ അംഗമായിരുന്നു. രണ്ടാമത്തെ മകൻ ഇമ്രാസ് ഖാനും (13 വയസ്) കരാട്ടെ അഭ്യസിക്കുന്നുണ്ട്. മൂവർ സംഘത്തിന് എല്ലാവിധ പിന്തുണയുമായി ഇബ്രാഹിമിന്റെ ഭാര്യ നസീറ കൂടി ചേരുമ്പോൾ കരാട്ടെ കുടുംബം സന്തോഷപൂർണ്ണം.