Header

മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ വൻ അഴിമതി – ആരോപണം ഉന്നയിച്ചവർക്കെതിരെ വധ ഭീഷണി

ചാവക്കാട് : വർഷങ്ങളായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തീരദേശ സംരക്ഷണ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പുന്നയൂര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ചിഹ്നം ഉപയോഗിച്ചു നടത്തുന്ന പരിപാടിയില്‍ വിവിധ വകുപ്പിൽ ലക്ഷങ്ങൾ പിരിച്ചെടുക്കുന്നുണ്ടെങ്കിലും നികുതിയിനത്തിലോ മറ്റു വിധേനെയോ പഞ്ചായത്തില്‍ അടക്കേണ്ട തുക സ്വകാര്യ വ്യക്തികൾ അടിച്ചു മാറ്റുകയാണെന്നാണ് പ്രധാന ആരോപണം.
അഴിമതിക്കെതിരെ ശബ്ദിച്ചതിനു തനിക്ക് വധ ഭീഷണിയുണ്ടെന്ന് തീരദേശ സംരക്ഷണ സമിതി പ്രസിഡന്‍റ് മൊയ്തുണ്ണി ആലത്തയില്‍ പറഞ്ഞു.

മന്ദലംകുന്ന് ബീച്ചില്‍ ദിവസങ്ങളോളം നടക്കുന്ന കാര്‍ണിവെലില്‍ 5000 രൂപ മുതല്‍ ഉയർന്ന നിരക്കിലാണ് വിവിധ പരിപാടികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമായി റവന്യൂ വിഭാഗം സ്ഥലം നല്‍കിയിട്ടുള്ളത്.
ടിക്കറ്റ് വെച്ചു കാര്‍ണിവെല്‍ നടത്തുന്നവരുടെ ടിക്കറ്റില്‍ പഞ്ചായത്തിന്‍റെ സീലില്ല, ഇതുമൂലം വിനോദ നികുതിയിനത്തിൽ പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷകണക്കിനു രൂപയാണ് നഷ്ടമാകുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ നടക്കുന്ന ഈ പരിപാടിിയില്‍ ബന്ധപ്പെട്ട റവന്യൂ വകുപ്പ് അധികൃതരും മൗനം പാലിക്കുകയാണ്.

മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി രൂപീകരണത്തിൽ തീരദേശ സംരക്ഷണ വികസന സമിതി ഭാരവാഹികളെ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

സെക്രട്ടറി വി കെ അഷറഫ്, നിയമ സഹായ വേദി ചെയര്‍മാന്‍ അഡ്വ സി ഐ എഡിസന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആവശ്യമായ നടപടികള്‍ കൈകൊണ്ടില്ലങ്കില്‍ വിജിലന്‍സിനെ സമീപിക്കാനാണ് തീരുമാനം.

thahani steels

Comments are closed.