ഗുരുവായൂര്‍: ഇരിങ്ങപ്പുറം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതം ഇനിയൊരു കീറാമുട്ടിയല്ല. കണ്ടും കേട്ടും ഗണിതത്തെ തൊട്ടറിഞ്ഞ് പഠിക്കാന്‍ ഒരു ക്ലാസ് മുറി തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗണിതാശയങ്ങള്‍ ദൃശ്യത്തിലൂടെയും സ്പര്‍ശനത്തിലൂടെയും ഗ്രഹിക്കാനുതകുന്ന പഠനോപകരണങ്ങള്‍ ഈ ക്ലാസ് മുറിയില്‍ സജ്ഞീകരിച്ചിട്ടുണ്ട്. ഗണിതപാര്‍ക്കെന്നാണ് ഈ മുറിക്ക് പേരിട്ടിരിക്കുന്നത്. ചില കുട്ടികള്‍ എല്ലാ വിഷയങ്ങളിലും മിടുക്കരാവുമ്പോള്‍ ചിലര്‍ കണക്കില്‍ മാത്രം പിറകോട്ടു പോവുന്നു. ഇത് മനസിലാക്കിയ അദ്ധ്യാപകരാണ് ഗണിതപാര്‍ക്കെ ആശയം മുന്നോട്ടുവച്ചത്. പഠന പ്രവര്‍ത്തനങ്ങളില്‍ നൂതനമായ ആശയങ്ങളുടെയും സങ്കേതങ്ങളുടെയും ആവിഷ്‌കാരത്തിലൂടെ രസകരമായ വിദ്യാലയന്തരീക്ഷം സൃഷിടിക്കുക അതിലൂടെ പഠന പുരേഗതി ഉറപ്പു വരുത്തുക എന്ന ലക്ഷ്യവും ഗണിതപാര്‍ക്കിന് പിന്നിലുണ്ട്.
കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഗണിതപാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ ശാന്തകുമാരി അദ്ധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, കൗസിലര്‍മാരായ നിര്‍മ്മല കേരളന്‍, ഷൈലജ ദേവന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ടി.ഗീത, തുടങ്ങിയവര്‍ സംസാരിച്ചു.