മെറ്റൽ എൻഗ്രേവിങ് – തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര
തൊഴിയൂർ : മെറ്റൽ എൻഗ്രേവിങ്ങിൽ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര. തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയമേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മെറ്റൽ എൻഗ്രേവിങ് മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൈക്കാട് വി ആർ അപ്പു മാസ്റ്റർ എച്ച് എസ് എസ് വിദ്യാർത്ഥിയായ കെ എസ് അനശ്വരക്ക് ഇത് തുടർച്ചയായ ആറാം വിജയം. ലോഹത്തകിടിൽ കൊത്തുപണി തീർത്ത് മനോഹര ചിത്രങ്ങൾ അനശ്വരമാക്കിയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. നാലാം ക്ലാസ് മുതൽ ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന അനശ്വര ജില്ലയിൽ രണ്ടു തവണ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. എട്ടിലും ഒൻപതിലും പഠിക്കുന്ന രണ്ടു വർഷക്കാലം കൊറോണ മൂലം ശാസ്ത്രമേള നടന്നിരുന്നില്ല.
ബ്രഹ്മകുളം സെന്റ് തേരാസിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥി ആയിരിക്കെ ഹെൻസി ടീച്ചറാണ് അനശ്വരക്ക് കൊത്തുപണികളുടെ ലോകം പരിചയപ്പെടുത്തുന്നത്. ഗുരുവായൂർ തൈക്കാട് കാനാംകോട്ട് കെ സി ഷാജി സുനിത ദമ്പതികളുടെ മകളാണ് അനശ്വര.
Comments are closed.