ദേശാടന പക്ഷികൾ കരയാറില്ല – ചാവക്കാട് പുത്തൻകടപ്പുറം പക്ഷി നിരീക്ഷകരെ നിരാശരാക്കാറില്ല
ചാവക്കാട് : വിശാലമായി പരന്നു കിടക്കുന്ന ചാവക്കാടിനടുത്ത അതി മനോഹരമായ പുത്തൻ കടപ്പുറം ബീച്ച് പക്ഷി നിരീക്ഷകരുടെ ലിസ്റ്റിലെ പ്രധാന ഇടമാണ്. ഇവിടെയെത്തുന്ന പക്ഷി നിരീക്ഷകർ ഒരിക്കലും നിരാശരാവാറില്ല. വിവിധ ഇനം സ്വദേശികളും വിദേശികളുമായി പക്ഷികളെ ഇവിടെ കാണാൻ കഴിയും. ഓരോ സീസണിലും നിരവധി ദേശാടന പക്ഷികളാണ് ഇവിടെ എത്താറുള്ളത്.
ഇന്ത്യയില്‍ ഇതുവരെ കാണാത്തതും പരുന്തുവര്‍ഗത്തില്‍പ്പെട്ടതുമായ ലവന്റ് സ്പാരോ ഹോക്കിനെ (ലവന്റ് പ്രാപ്പിടിയന്‍) മാസങ്ങൾക്ക് മുൻപ് പുത്തന്‍ കടപ്പുറത്ത് കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണാറുള്ള ഈ പക്ഷിയെ കണ്ടെത്തിയത് കേരള ബേര്‍ഡേസ് ഗ്രാൻഡ് അംഗങ്ങളായ നിഷാദ് ഇഷാല്‍, സനു രാജ്, യദു പ്രസാദ് എന്നിവരാണ്. ഈ കണ്ടെത്തലോടെ ഇ-ബേര്‍ഡിന്റെ കണക്കനുസരിച്ച് രാജ്യത്ത് കണ്ട പക്ഷികളുടെ ഇനം 1,368 ആയി. നവംബര്‍ 18-നാണ് പ്രാപ്പിടിയനെപോലുള്ള ഈ പക്ഷിയെ നിരീക്ഷകര്‍ കണ്ട് പടമെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത ഈ പക്ഷിയെ തിരിച്ചറിയാന്‍ നിഷാദിനെയും സംഘത്തെയും സഹായിച്ചത് ഇന്ത്യന്‍ ബേര്‍ഡ്സ് ജേണല്‍ ചീഫ് എഡിറ്റര്‍ ജെ. പ്രവീണ്‍, പക്ഷിനിരിക്ഷകരായ സി. ശശികുമാര്‍, അഭി, നിഷാദ് ഇഷാല്‍. സനു രാജ്, യദു പ്രസാദ്, ചന്ദ്രന്‍, നീരവ് ഭട്ട് എന്നിവരാണ്. അയര്‍ലന്‍ഡില്‍നിന്നുള്ള പക്ഷിനിരീക്ഷകരായ ഓസ്‌കര്‍ കാംബല്‍, ഫിന്‍ലന്‍ ഡുകാരനായ ഡിക്ക് ഫോര്‍ഡ്മാന്‍ എന്നിവര്‍ ഈ പക്ഷി ലവന്റ് സ്പാരോ ഹോക്കാണെന്ന് സ്ഥിരീകരിച്ചു. യൂറോപ്യന്‍ നാടുകളില്‍ കാണുന്ന ഈ പക്ഷി ഗ്രീസ്, തെക്കന്‍ റഷ്യ എന്നിവിടങ്ങളിലെ കാടുകളിലാണ് പ്രജനനം നടത്തുന്നത്. തണുപ്പുകാലത്താണിവയുടെ ദേശാടനം. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ആ യാത്ര. മുതിര്‍ന്ന പക്ഷികളെ അപേക്ഷിച്ചു പ്രായം കുറഞ്ഞ പക്ഷികള്‍ പലപ്പോഴും ദേശാടനത്തിനു പുതിയ സഞ്ചാര പാതകള്‍ സ്വീകരിക്കുന്നുണ്ട്. അങ്ങിനെ എത്തിപ്പെട്ടതാണ് ചാവക്കാട്ടെന്നാണ് അനുമാനം.
കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് കെട്ടിടനിര്‍മാതാവാണ്. കോഴിക്കോട് നന്മണ്ട സ്വദേശിയായ സനു രാജ് അധ്യാപകനും പാലാഴി സ്വദേശിയായ യദു പ്രസാദ് റോബോട്ടിക്ക് എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമാണ്.
2020 ൽ പക്ഷി നിരീക്ഷകനായ സലീം ഐ ഫോകസ് പുത്തൻകടപ്പുറം ബീച്ചിൽ തവിട്ട് നിറത്തിലുള്ള കടൽ വാത്തയെ കണ്ടെത്തിയിരുന്നു. 2013 ൽ വെളുത്ത നിറത്തിലുള്ള കടൽവാത്തയെ കണ്ടതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
തിരക്കാട, മംഗോളിയൻ മണൽ കോഴി, ചെറു മണൽ കോഴി എന്നീ ദേശാടന പക്ഷികൾ ഇവിടെ സ്ഥിരം സന്ദർശകരാണ്.
2016 ൽ രാജ ഹംസ പക്ഷിയെ ചാവക്കാട് കടൽ തീരത്ത് കണ്ടെത്തിയിരുന്നു. പ്രശ്‌സ്ത പക്ഷി നിരീക്ഷകനായ പി പി ശ്രീനിവാസനാണ് ഗ്രേറ്റർ ഫ്ലമിൻഗോ എന്ന് ഇംഗ്ളീഷിൽ പറയുന്ന വലിയ പുന്നാര യെന്ന രാജഹംസ പക്ഷിയുടെ പടം അന്ന് പകർത്തിയത്.
ചാവാക്കാടിന്റെ പരിസരപ്രദേശമായ കുട്ടാടൻ പാടം, ഉപ്പുങ്ങൽ പാടം എന്നിവയും ദേശാടന പക്ഷികളുടെ കേന്ദ്രമാണ്.
Comments are closed.