ചാവക്കാട് : എത്ര പരാജയപ്പെട്ടാലും പിൻമാറില്ല എന്ന ദൃഡനിശ്ചയവും, ആത്മവിശ്വാസവുമുള്ള ഒരു വിദ്യാർത്ഥിക്ക് സിവിൽ സർവീസ് പരീക്ഷ എന്ന കടമ്പ കടക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് സിവിൽ സർവീസ് ജേതാവ് ഷാഹിദ് ടി കോമത്ത് അഭിപ്രായപ്പെട്ടു. എം എസ് എസ് ജില്ലാ കമ്മറ്റി ചാവക്കാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് തവണ പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ട് ആറാം തവണയാണ് താന്‍ വിജയം കണ്ടതെന്ന് ഷാഹിദ് പറഞ്ഞു. നിരന്തരം പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്. പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും, പുസ്തകങ്ങളും വായിക്കുന്നത് ശീലമാക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പി വി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ കെ എസ് എ ബഷീർ, ജില്ലാ സെക്രട്ടറി എ കെ അബ്ദുൽ റഹിമാൻ, താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം, ഹക്കീം ഇബാറക്ക്, ഷംസു ഷിംന, മുഹമ്മദ് അക്ബർ, എ വി അഷറഫ്, ദിൽഷാദ് പാടൂർ, ഷുക്കൂർ ചാവക്കാട് എന്നിവർ സംസാരിച്ചു.